നീന്തലിൽ ഒളിമ്പിക്സ് യോഗ്യത നേരിട്ട് നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് സജൻ.
ഒളിമ്പിക്സ് നീന്തലിന് യോഗ്യത നേടി മലയാളി താരം സജൻ പ്രകാശ്
റോം: ഇന്ത്യയുടെ മലയാളി നീന്തൽ താരം സജൻ പ്രകാശിന് ചരിത്രനേട്ടം. 27 കാരനായ സജൻ റോമിൽ നടന്ന യോഗ്യതാ ചാമ്പ്യൻഷിപ്പിൽ ഒന്നാമതെത്തിയാണ് ചരിത്രനേട്ടം സ്വന്തമാക്കിയത്. ഒളിമ്പിക്സിന് നേരിട്ട് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ നീന്തൽ താരം എന്ന റെക്കോഡാണ് താരം സ്വന്തമാക്കിയത്. ഒളിമ്പിക്സിന് നേരിട്ട് യോഗ്യത നേടുന്ന താരങ്ങൾ ഉൾപ്പെടുന്ന എ വിഭാഗത്തിലാണ് സജൻ എത്തിയിരിക്കുന്നത്.200 മീറ്റർ ബട്ടർഫ്ലൈ ഇനത്തിലാണ് സജൻ മത്സരിക്കുക. വരും തലമുറക്ക് പ്രചോദനമാകാനാണ് ശ്രമമെന്ന് സജൻ പ്രകാശ്.
200 മീറ്റർ ബട്ടർഫ്ലൈ ഇനത്തിൽ 1:56.48 സമയമാണ് ഒളിമ്പിക്സ് യോഗ്യത. റോമിൽ നടന്ന ചാമ്പ്യൻഷിപ്പിൽ 1:56.38 സമയം കൊണ്ട് ഒന്നാമതെത്തിയ സജൻ നേരിട്ട് യോഗ്യത ഉറപ്പിക്കുകയായിരുന്നു.
മുൻപ് ബെൽഗ്രേഡ് ചാമ്പ്യൻഷിപ്പിൽ സജൻ സ്വർണം നേടിയിരുന്നെങ്കിലും എ വിഭാഗത്തിൽ ഉൾപ്പെടാൻ സാധിച്ചിരുന്നില്ല. അന്ന് 0.48 സെക്കൻഡ് വ്യത്യാസത്തിലാണ് സജന് ഒളിമ്പിക്സ് യോഗ്യത നഷ്ടമായത്.