പാരാലിമ്പിക്‌സില്‍ ഏഷ്യന്‍ റെക്കോർഡ്; ഇന്ത്യയുടെ പ്രവീണ്‍ കുമാറിന് വെള്ളി.
ടോക്യോ: പാരാലിമ്പിക്സിൽ ഇന്ത്യയ്ക്ക് ഒരു വെള്ളി മെഡൽ കൂടി. പുരുഷന്മാരുടെ ടി 64 ഹൈജമ്പ് മത്സരത്തിൽ ഇന്ത്യയുടെ പ്രവീൺ കുമാർ ഏഷ്യൻ റെക്കോഡോടെയാണ് വെള്ളി മെഡൽ സ്വന്തമാക്കിയത്. 2.07 മീറ്റർ ചാടിയാണ് പ്രവീൺ വെള്ളിമെഡൽ നേടിയത്. ഈ നേട്ടത്തോടെ ഇന്ത്യയുടെ പാരാലിമ്പിക്സിലെ മെഡൽ നേട്ടം 11 ആയി.
ആദ്യ ശ്രമത്തിൽ 1.83 മീറ്റർ കണ്ടെത്തിയ താരം രണ്ടാം ശ്രമത്തിൽ അത് 1.97 മീറ്ററാക്കി ഉയർത്തി. പിന്നാലെ 2.01 മീറ്ററും 2.07 മീറ്ററും ചാടിക്കടന്ന് പ്രവീൺ ഇന്ത്യയുടെ അഭിമാനമായി മാറി. 12-ാമത് ഫാസ അന്താരാഷ്ട്ര ലോക പാര അത്ലറ്റിക്സ് ഗ്രാൻഡ് പ്രിക്സിൽ പ്രവീൺ 2.05 മീറ്റർ ചാടി സ്വർണം നേടിയിരുന്നു.
ഈ ഇനത്തിൽ ബ്രിട്ടന്റെ ജൊനാതൻ ബ്രൂം എഡ്വാർഡ്സ് സ്വർണം നേടി. പോളണ്ടിന്റെ ലെപ്പിയാറ്റോയ്ക്കാണ് വെങ്കലം.
നിലവിൽ 36-ാം സ്ഥാനത്താണ് ഇന്ത്യ. രണ്ട് സ്വർണവും ആറ് വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. ഇന്ത്യയുടെ പാരാലിമ്പിക്സ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണിത്.