പാരാലിമ്പിക്സിൽ ഇന്ത്യയ്ക്ക് 12-ാം മെഡൽ; ഷൂട്ടിങ്ങിൽ അവനി ലേഖരയ്ക്ക് വെങ്കലം.

ടോക്യോ: പാരാലിമ്പിക്സിൽ ഇന്ത്യയ്ക്ക് ഒരു മെഡൽ കൂടി. വനിതകളുടെ 50 മീറ്റർ റൈഫിൾ ത്രീ എസ് എച്ച് വൺ വിഭാഗത്തിൽ വെങ്കലമെഡൽ നേടി ഇന്ത്യയുടെ അവനി ലേഖര. ടോക്യോ പാരാലിമ്പിക്സിൽ അവനിയുടെ രണ്ടാം മെഡലാണിത്. ഇന്ത്യ ടോക്യോ പാരാലിമ്പിക്സിൽ നേടുന്ന 12-ാം മെഡൽ.

445.9 പോയന്റ് നേടിക്കൊണ്ടാണ് ഈ 19 വയസ്സുകാരി വെങ്കലമെഡൽ കഴുത്തിലണിഞ്ഞത്. വനിതകളുടെ 10 മീറ്റർ എയർ റൈഫിളിൽ അവനി സ്വർണം നേടി ചരിത്രം സൃഷ്ടിച്ചിരുന്നു. ഇതോടെ പാരാലിമ്പിക്സിൽ രണ്ട് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ വനിതാതാരം എന്ന റെക്കോഡ് അവനി സ്വന്തമാക്കി.

യോഗ്യതാ റൗണ്ടിൽ നിന്നും രണ്ടാം സ്ഥാനം നേടിക്കൊണ്ടാണ് അവനി ഫൈനലിലേക്ക് യോഗ്യത നേടിയത്. ഈ ഇനത്തിൽ ചൈനയുടെ സി പി ഷാങ് സ്വർണവും ജർമനിയുടെ ഹിൽട്രോപ്പ് വെള്ളിയും സ്വന്തമാക്കി.

Related Posts