പാരാലിമ്പിക്‌സ് മിക്‌സഡ് 50 മീറ്റര്‍ ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് സ്വര്‍ണവും വെള്ളിയും.
ടോക്യോ: ടോക്യോ പാരാലിമ്പിക്സിൽ ഇന്ത്യയ്ക്ക് രണ്ട് മെഡലുകൾ കൂടി. മിക്സഡ് 50 മീറ്റർ പിസ്റ്റൾ എസ് എച്ച് 1 പുരുഷ വിഭാഗത്തിൽ ഇന്ത്യയുടെ മനീഷ് നർവാൾ സ്വർണവും സിങ് രാജ് അദാന വെള്ളിയും സ്വന്തമാക്കി.
ഈ ഇനത്തിലെ ലോകറെക്കോഡുകാരനായ മനീഷ് നർവാൾ ഫൈനലിൽ 218.2 പോയന്റ് നേടി പാരാലിമ്പിക്സ് റെക്കോഡോടെയാണ് സ്വർണം നേടിയത്. 216.7 പോയന്റ് നേടിക്കൊണ്ട് സിങ് രാജ് വെള്ളി മെഡൽ നേടി. സിങ് രാജ് ടോക്യോ പാരാലിമ്പിക്സിൽ നേടുന്ന രണ്ടാമത്തെ മെഡലാണിത്. റഷ്യയുടെ സെർജി മലിഷേവ് ഈ ഇനത്തിൽ വെങ്കലം നേടി.
യോഗ്യതാ മത്സരത്തിൽ ഏഴാം സ്ഥാനം മാത്രമാണ് നർവാളിന് ലഭിച്ചത്. സിങ് രാജിന് നാലാം സ്ഥാനമായിരുന്നു. എന്നാൽ ഫൈനലിൽ ഇരുവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
സ്വർണവും വെള്ളിയും നേടിയതോടെ പോയന്റ് പട്ടികയിൽ ഇന്ത്യ 34-ാം സ്ഥാനത്തേക്ക് ഉയർന്നു. മൂന്ന് സ്വർണവും ഏഴ് വെള്ളിയും അഞ്ച് വെങ്കലവുമുൾപ്പെടെ 15 മെഡലുകളാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്.