ഷെയ്ൻ വോണിന്റെ അവസാന ചിത്രം പങ്കുവെച്ച് സുഹൃത്ത് ടോം ഹോൾ
അകാലത്തിൽ അന്തരിച്ച ആസ്ത്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോണിന്റെ അവസാന ചിത്രം പങ്കുവെച്ച് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് ടോം ഹോൾ. മരിക്കുന്നതിന് ഏതാനും മണിക്കൂറുകൾ മുമ്പെടുത്ത ചിത്രമാണ് ഇൻസ്റ്റഗ്രാമിൽ ഹോൾ പങ്കുവെച്ചത്.
സാമൂഹ്യ മാധ്യമങ്ങളിൽ ചിത്രം വൈറലായിട്ടുണ്ട്. പുഞ്ചിരി തൂകി നിൽക്കുന്ന വോണിന്റെ മുഖം ആരാധകർക്ക് തീരാ വേദനയാണ് സമ്മാനിക്കുന്നത്.
52-ാം വയസ്സിലാണ് സ്പിൻ മാന്ത്രികനെന്ന് അന്താരാഷ്ട്ര ക്രിക്കറ്റിൽ അറിയപ്പെട്ട ഷെയ്ൻ വോൺ ലോകത്തോട് വിടപറയുന്നത്. തായ്‌ലൻഡിലുള്ള താരത്തിന്റെ വില്ലയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.
ചരിത്രത്തിലെ തന്നെ എക്കാലത്തെയും പ്രഗത്ഭനായ ലെഗ് സ്പിന്നർ എന്നാണ് ക്രിക്കറ്റ് ലോകം വോണിനെ വിശേഷിപ്പിക്കുന്നത്. കളിയുടെ ലോകത്തുനിന്ന് വിരമിച്ചിട്ടും കമന്റേറ്റർ എന്ന നിലയിൽ വോൺ തിളങ്ങിയിരുന്നു. ആസ്‌ത്രേലിയൻ അന്താരാഷ്ട്ര ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.