സംസ്ഥാനത്ത് തക്കാളിപ്പനി പടരുന്നു; ജാഗ്രത വേണമെന്ന് റിപ്പോർട്ട്

ന്യൂഡല്‍ഹി: കേരളത്തില്‍ തക്കാളിപ്പനി പടരുന്നതില്‍ ജാഗ്രതവേണമെന്ന് പഠനറിപ്പോര്‍ട്ട്. കൊവിഡ് നാലാം തരംഗത്തിന് ശേഷം കേരളത്തിൽ വൈറസിന്‍റെ പുതിയ പകർച്ചവ്യാധി റിപ്പോർട്ട് ചെയ്യുന്നുവെന്ന് പറഞ്ഞാണ് റിപ്പോർട്ട് ആരംഭിക്കുന്നത്. തമിഴ്നാട്, ഒഡീഷ, കർണാടക എന്നിവിടങ്ങളിലാണ് രോഗം കണ്ടെത്തിയതെങ്കിലും കേരളത്തിലാണ് കൂടുതൽ രോഗബാധ. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികളുള്ളത് കൊല്ലത്താണ്. മെയ് ആറിനും ജൂലൈ 26നും ഇടയിൽ കൊല്ലം ജില്ലയിലെ സർക്കാർ ആശുപത്രികളിൽ 82 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അഞ്ചൽ, ആര്യങ്കാവ്, നെടുവത്തൂർ മേഖലകളിലാണ് കൂടുതൽ കേസുകൾ. അഞ്ച് വയസ്സിന് താഴെയുള്ളവരിലാണ് ഈ രോഗം കൂടുതലായും ഉണ്ടാകുന്നത്. പനി, ശരീരവേദന, വസൂരിക്ക് സമാനമായ വ്രണങ്ങൾ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഒഡീഷയിലും 26 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിന് കോവിഡിന് സമാനമായ ലക്ഷണങ്ങളുണ്ടെങ്കിലും സാർസ്-കോവ്-2 വൈറസുമായി ബന്ധമില്ല. ചിക്കന്‍ഗുനിയ, ഡെങ്കിപ്പനി എന്നിവയുടെ പരിണതഫലമായും രോഗം ബാധിക്കുന്നുണ്ട്. സാധാരണ ഏഴ് - പത്ത് ദിവസംകൊണ്ട് ഭേദമാകുന്ന തക്കാളിപ്പനിക്ക് നിലവില്‍ മരുന്നില്ല. എന്നാല്‍, സ്വയം പ്രതിരോധിക്കാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ടിലുണ്ട്.

Related Posts