കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
കുട്ടനാട്: കനത്ത മഴയുടെ പശ്ചാത്തലത്തിൽ കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകളും അങ്കണവാടികളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മറ്റ് താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജ നാളെ അവധി പ്രഖ്യാപിച്ചു. അതേസമയം, നീരൊഴുക്ക് ശക്തമായി തുടരുന്നതിനാൽ ഇടുക്കി ഡാമിന്‍റെ കൂടുതൽ ഷട്ടറുകൾ തുറന്നു. 2, 4 ഷട്ടറുകൾ 40 സെന്‍റീമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. 100 ക്യുമെക്സ് വെള്ളം പുറത്തേക്ക് ഒഴുകും. ഈ സാഹചര്യത്തിൽ ചെറുതോണി ടൗൺ മുതൽ പെരിയാറിന്‍റെ ഇരുകരകളിലുമുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. ഇടുക്കി ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ പെയ്യുകയും മുല്ലപ്പെരിയാർ ഡാമിൽ നിന്ന് സ്പിൽവേയിലൂടെ ഒഴുകുന്ന വെള്ളത്തിന്‍റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്തതോടെ ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരുകയാണ്. പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല. ജില്ലാ ഭരണകൂടം ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു. ഇടുക്കി ജലസംഭരണിയുടെ സംഭരണ ശേഷി 2403 അടിയാണ്. 2384.46 അടിയാണ് ഇടുക്കി ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. ഇത് മൊത്തം സംഭരണ ശേഷിയുടെ 84.5 ശതമാനമാണ്.