ക്യാഷ്വൽ ലുക്കിൽ ഖത്തര്‍ അമീറും സൗദി കിരീടാവകാശിയും, ഒപ്പം യു എ ഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവും; ചിത്രം വൈറൽ.
റിയാദ്: പരമ്പരാഗത അറബ്, ഔദ്യോഗിക വേഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഷോർട്സും ടീ ഷർട്ടും ഷർട്ടുമൊക്കെ ധരിച്ച് വളരെ കൂളായി നിൽക്കുന്ന സൗദി, ഖത്തർ ഭരണാധിപൻമാരും യു എ ഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവും ചേർന്ന് ചെങ്കടൽ തീരത്തു നിന്നുള്ള ഫോട്ടോ വൈറൽ. ഔദ്യോഗിക പരിവേഷങ്ങളോ അകമ്പടിയോ ഇല്ലാതെ സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ അമീർ മുഹമ്മദ് ബിന്‍ സല്‍മാനും, ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയും, യു എ ഇ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ശൈഖ് തഹ്നൂൻ ബിൻ സായിദ് അൽനഹ്യാനും സൗദിയിലെ ചെങ്കടൽ തീരത്ത് കൂടിക്കാഴ്ച നടത്തിയ ചിത്രമാണ് പുറത്തുവന്നത്.
ക്യാഷ്വൽ ലുക്കിലെത്തിയ ഇവരുടെ ചിത്രങ്ങൾ മിനിറ്റുകൾക്കകം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. സൗദി കിരീടാവകാശിയുടെ സ്വകാര്യ ഓഫീസ് മേധാവിയും മിസ്ക് ഫൗണ്ടേഷൻ ബോർഡ് മെമ്പറുമായ ബദർ അല്‍അസാകിറാണ് ഫോട്ടോ ട്വീറ്ററിൽ പോസ്റ്റ് ചെയ്തത്.
കഴിഞ്ഞ വർഷത്തെ അൽ ഉല ജി സി സി ഉച്ചകോടിക്ക് ശേഷം ഖത്തർ അമീർ ആദ്യമായാണ് സൗദിയിലെത്തുന്നത്. മൂന്നരവർഷം നീണ്ട ഖത്തർ ഉപരോധം ജനുവരിയിൽ പിൻവലിച്ചതിനു പിന്നാലെയാണ് യു എ ഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ ഖത്തറുമായി വീണ്ടും സൗഹൃദത്തിലായത്.