ഇരുപതുവർഷത്തിനിടെ പടിഞ്ഞാറൻ തീരംതൊടുന്ന ഏറ്റവും കരുത്തേറിയ ചുഴലിക്കാറ്റാണ് ടൗട്ടേ.
ടൗട്ടേ ചുഴലിക്കാറ്റ് ഗുജറാത്തിന്റെ പടിഞ്ഞാറൻ തീരത്തെത്തി.
ഗാന്ധിനഗർ:
തിങ്കളാഴ്ച രാവിലെയോടെ അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ടൗട്ടേ അർധരാത്രിയോടുകൂടി ഗുജറാത്തിന്റെ പടിഞ്ഞാറൻ തീരത്തെത്തി. അടുത്ത മണിക്കൂറിൽ ടൗട്ടേ പോർബന്ദർ, മഹുവ തീരങ്ങൾ കടക്കുമെന്നാണ് കരുതുന്നത്. ഇരുപതുവർഷത്തിനിടെ പടിഞ്ഞാറൻ തീരം തൊടുന്ന ഏറ്റവും കരുത്തേറിയ ചുഴലിക്കാറ്റാണ് ടൗട്ടേ. മണിക്കൂറിൽ 155-165 കിലേമീറ്ററായിരിക്കും ടൗട്ടേയുടെ വേഗത. കനത്ത മഴയെയും ശക്തമായ കാറ്റിനെയും തുടർന്ന് ആശുപത്രിയിൽനിന്നുള്ള കൊവിഡ് രോഗികൾ ഉൾപ്പെടെ ആയിരക്കണക്കിനാളുകളെ ഒഴിപ്പിച്ചു. ഗുജറാത്തിൽ രക്ഷാപ്രവർത്തനത്തിനായി സൈനിക യൂണിറ്റുകളെ വിന്യസിച്ചിട്ടുണ്ട്. ടൗട്ടേയുടെ പശ്ചാത്തലത്തിൽ മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരുമായും ദാമൻ ആൻഡ് ദിയുവിലെ ലെഫ്. ഗവർണറുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചിരുന്നു. ഗുജറാത്തിൽ ആയിരക്കണക്കിനാളുകളെയാണ് വീടുകളിൽനിന്ന് ഒഴിപ്പിച്ചിരിക്കുന്നത്. തുറമുഖങ്ങളും വിമാനത്താവളങ്ങളും അടച്ചിരിക്കുകയാണ്. കേരള, കർണാടക, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ കനത്തമഴയും നാശനഷ്ടങ്ങളും ടൗട്ടേ സൃഷ്ടിച്ചിരുന്നു.