അപകടസ്ഥലത്തിന് 200 മീറ്റർ മുന്നെയാണ് കെഎസ്ആർടിസി ബസ് ആളെ ഇറക്കിയത്. ശേഷം വീണ്ടും യാത്ര തുടർന്നു. അതിനാൽ, വീണ്ടും ബ്രേക്ക് പ്രയോഗിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
ടൂറിസ്റ്റ് ബസ് അപകടം; കെഎസ്ആർടിസി ഡ്രൈവർക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന് റിപ്പോർട്ട്
വടക്കഞ്ചേരി: ദേശീയപാതയിൽ അഞ്ചുമൂർത്തിമംഗലത്ത് ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിന്‍റെ പിറകിലിടിച്ച് ഒൻപത് പേർ മരിച്ച സംഭവത്തിൽ കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്. ജില്ലാ ട്രാൻസ്പോർട്ട് ഓഫീസാണ് റിപ്പോർട്ട് സമർപ്പിച്ചത്. കെഎസ്ആർടിസി ബസ് പെട്ടെന്ന് ബ്രേക്ക് ഇട്ടതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോൻ പറഞ്ഞിരുന്നു. ജില്ലാ ട്രാൻസ്പോർട്ട് ഓഫീസിന്‍റെ റിപ്പോർട്ട് ഇത് തള്ളി. അപകടസ്ഥലത്തിന് 200 മീറ്റർ മുന്നെയാണ് കെഎസ്ആർടിസി ബസ് ആളെ ഇറക്കിയത്. ശേഷം വീണ്ടും യാത്ര തുടർന്നു. അതിനാൽ, വീണ്ടും ബ്രേക്ക് പ്രയോഗിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. മാത്രമല്ല, ബസിന്‍റെ വേഗതയും കുറവായിരുന്നു. അപകടസമയത്ത് ടൂറിസ്റ്റ് ബസ് ശരാശരി വേഗത്തേക്കാള്‍ വളരെ കൂടുതലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അപകടസമയത്ത് മണിക്കൂറിൽ 97 കിലോമീറ്റർ വേഗതയിലായിരുന്നു ബസ്. മണിക്കൂറിൽ 84.4 കിലോമീറ്ററായിരുന്നു ശരാശരി വേഗത. ഇത് ഉൾപ്പടെ ചൂണ്ടിക്കാട്ടിയുള്ള റിപ്പോര്‍ട്ടും ഇന്ന് സമര്‍പ്പിക്കും. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും. അതേസമയം, ബസ് ഡ്രൈവറുടെ നിയമലംഘനങ്ങളെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ പുറത്തുവരുന്നുണ്ട്. യാത്രയ്ക്കിടെ ഇയാൾ നിന്നുകൊണ്ട് വാഹനമോടിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. നിയമലംഘനങ്ങളെക്കുറിച്ച് ബസിന്‍റെ ഉടമയ്ക്ക് നിരവധി തവണ സന്ദേശമയച്ചിരുന്നു. പക്ഷേ, ഒരു നടപടിയും ഉണ്ടായില്ല. പ്രേരണാക്കുറ്റം ചുമത്തി ബസ് ഉടമ അരുണിനെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.