അഴകോടെ ചുരം; താമരശ്ശേരി ചുരത്തില്‍ സഞ്ചാരികളില്‍നിന്ന് യൂസര്‍ ഫീ ഈടാക്കാനൊരുങ്ങുന്നു
താമരശ്ശേരി: മാലിന്യ മുക്തമായ താമരശ്ശേരി ചുരം എന്ന ലക്ഷ്യത്തോടെയുള്ള 'അഴകോടെ ചുരം' ക്യാമ്പയിന്‍റെ ഭാഗമായി യൂസർ ഫീസ് ഏർപ്പെടുത്താനൊരുങ്ങി പുതുപ്പാടി ഗ്രാമപഞ്ചായത്ത്. ചുരത്തിന്‍റെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ വാഹനങ്ങളിൽ വന്നിറങ്ങുന്ന വിനോദ സഞ്ചാരികളിൽ നിന്ന് ഫെബ്രുവരി ഒന്ന് മുതൽ ഒരു വാഹനത്തിന് 20 രൂപ ഈടാക്കാൻ ഗ്രാമപഞ്ചായത്ത് ഭരണകൂടം തീരുമാനിച്ചു. ഇതിനായി ഗ്രീൻ ആക്ഷൻ ഫോഴ്സിലെ അംഗങ്ങളെ വ്യൂപോയിന്‍റിലും വിനോദ സഞ്ചാരികൾ തങ്ങുന്ന ചുരത്തിലെ മറ്റ് പ്രധാന പ്രദേശങ്ങളിലും കാവൽക്കാരായി വിന്യസിക്കും. ഹരിതകർമസേന അംഗങ്ങളുടെ നേതൃത്വത്തിൽ ചുരം മാലിന്യ മുക്തമാക്കുന്നതിനുള്ള ശുചീകരണ യജ്ഞത്തിന്‍റെ നടത്തിപ്പിനായി ഈ തുക വിനിയോഗിക്കും. ഫെബ്രുവരി 12ന് ജനപങ്കാളിത്തത്തോടെ ചുരത്തിന്‍റെ പുനർ ശുചീകരണത്തിനും മാലിന്യ സംസ്കരണത്തിനുമുള്ള വിശദമായ ഡി.പി.ആർ സർക്കാരിന് സമർപ്പിക്കും.