വ്യാപാരി വ്യവസായി ഏകോപന സമിതി അധ്യക്ഷൻ ടി നസിറുദ്ദീൻ അന്തരിച്ചു
കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതി അധ്യക്ഷൻ ടി നസിറുദ്ദീൻ (79 വയസ്സ്) അന്തരിച്ചു. വ്യാഴാഴ്‌ച രാത്രി 10:30 ഓടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന് കണ്ണമ്പറമ്പ് കബർസ്ഥാനിൽ നടക്കും. ടി നസിറുദ്ദീനോടുള്ള ആദര സൂചമായി ഇന്ന് കടകൾ അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.
1944 ഡിസംബർ 25ന് കോഴിക്കോട് കൂടാരപ്പുരയിൽ ടി കെ മുഹമ്മദിന്‍റെയും അസ്മാബിയുടെയും ആറാമത്തെ മകനായി ജനിച്ചു. ഹിദായത്തുൽ ഇസ്‌ലാം എൽപി സ്കൂൾ, മലബാർ ക്രിസ്ത്യൻ കോളജ് എന്നിവിടങ്ങളിൽ പഠനം കഴിഞ്ഞ് വ്യാപാര മേഖലയിലേക്ക് കടന്നു. മിഠായിത്തെരുവിലെ ബ്യൂട്ടി സ്റ്റോഴ്സ് ഉടമയായിരുന്നു.
1980ൽ മലബാർ ചേംബർ ഓഫ് കൊമേഴ്സ് ജനറൽ സെക്രട്ടറിയായാണു സംഘടനാ പ്രവർത്തനത്തിന് തുടക്കം. 1984ൽ വ്യവസായി ഏകോപന സമിതിയുടെ ജില്ലാ പ്രസിഡണ്ടായി. 1985ൽ സംസ്ഥാന ജനറൽ സെക്രട്ടറിയായി.
1991 മുതൽ സംഘടനയുടെ സംസ്ഥാന പ്രസിഡണ്ടാണ് ടി നസിറുദ്ദീൻ. ഭാരത വ്യാപാരസമിതി അംഗം, വാറ്റ് ഇംപലിമെന്‍റേഷൻ കമ്മിറ്റി മെമ്പർ, വ്യാപാരി ക്ഷേമനിധി വൈസ് ചെയർമാൻ, കേരള മർക്കന്‍റയിൽ ബാങ്ക് ചെയർമാൻ, ഷോപ് ആന്‍റ് കോമേഴ്ഷ്യൽ എസ്റ്റാബ്ലിഷ്മെന്‍റ് ക്ഷേമനിധി ബോർഡ് മെമ്പർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.