ഇനി നമ്പർ സേവ് ചെയ്തില്ലെങ്കിലും ആരാണ് വിളിക്കുന്നതെന്ന് അറിയാം; പുതിയ നീക്കവുമായി ട്രായ്

അജ്ഞാത നമ്പറുകളിൽ നിന്ന് കോളുകൾ എടുക്കാൻ പലർക്കും മടിയാണ്. മിക്ക ആളുകളും ഇതിനുള്ള പരിഹാരമായി 'ട്രൂകോളർ' പോലുള്ള ആപ്ലിക്കേഷനുകളും ഉപയോഗിക്കുന്നു. പൂർണ്ണമായും സുരക്ഷിതമല്ലാത്തതോ 100 ശതമാനം കൃത്യത ഇല്ലാത്തതോ ആയ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതും പ്രശ്നങ്ങൾക്ക് കാരണമാകും. ഇപ്പോൾ, ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഈ പ്രശ്നങ്ങൾക്ക് ഒരു പരിഹാരവുമായി എത്തുകയാണ്. ഫോണിലേക്ക് വിളിക്കുമ്പോൾ വിളിച്ചയാളുടെ പേര് സ്ക്രീനിൽ തെളിയുന്ന തരത്തിൽ ക്രമീകരണങ്ങൾ നടത്താൻ ട്രായ് പദ്ധതിയിടുന്നു. ടെലികോം ഓപ്പറേറ്റർമാരുടെ കൈവശമുള്ള കെവൈസി രേഖകളുടെ അടിസ്ഥാനത്തിലായിരിക്കും ഇത്. കെവൈസി രേഖകൾ പരിശോധിക്കുന്നതിലൂടെ സേവന ദാതാക്കൾ ഈ പ്രക്രിയ ശരിയായി ചെയ്തിട്ടുണ്ടോ എന്ന് അധികൃതർക്ക് സ്ഥിരീകരിക്കാനും കഴിയും. വ്യാജ ഫോൺ കണക്ഷനുകളുടെ വ്യാപനവും ഒരു പരിധി വരെ തടയാൻ കഴിയും. വാട്ട്സ്ആപ്പ് പോലുള്ള മെസഞ്ചറുകളിലും ഇതേ രീതി നടപ്പിലാക്കിയേക്കും. ട്രായ് നീക്കം വിജയകരമായി നടപ്പാക്കിയാൽ നമ്പർ സേവ് ചെയ്തില്ലെങ്കിൽ പോലും ആരാണ് വിളിക്കുന്നതെന്ന് അറിയാൻ കഴിയും. അനാവശ്യ സ്പാം കോളുകൾ ഒഴിവാക്കാൻ ഇത് സഹായിക്കും. ഉപഭോക്താക്കളിൽ നിന്ന് നിരവധി പരാതികൾ ലഭിച്ചിട്ടും, വാണിജ്യ സ്പാം കോളുകൾ ഫലപ്രദമായി നിയന്ത്രിക്കാൻ ട്രായ്ക്ക് കഴിഞ്ഞിട്ടില്ല.

Related Posts