അത്‍ലറ്റിക്സിൽ ട്രാൻസ്ജെൻഡർ താരങ്ങൾക്കു വിലക്ക്; തീരുമാനവുമായി വേൾഡ് അത്‍ലറ്റിക്സ്

മാഞ്ചസ്റ്റർ: രാജ്യാന്തര അത്‍ലറ്റിക്സ് മത്സരങ്ങളിൽ വനിതാ വിഭാഗത്തിൽ മത്സരിക്കുന്നതിന് ട്രാൻസ്ജെൻഡർ അത്ലറ്റുകൾക്ക് വിലക്ക്. അത്‍ലറ്റിക്സിന്‍റെ രാജ്യാന്തര സംഘടനയായ 'വേൾഡ് അത്‍ലറ്റിക്സാ'ണ് തീരുമാനം എടുത്തത്. ഹോർമോൺ വ്യതിയാനങ്ങളുള്ള അത്ലറ്റുകളിൽ പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോണിന്‍റെ അനുവദനീയമായ അളവ് പരിഷ്കരിക്കാനും തീരുമാനിച്ചു. വനിതാ വിഭാഗങ്ങളിലെ കായിക ഇനങ്ങളിൽ സുതാര്യത ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് തീരുമാനമെന്ന് ലോക അത്‍ലറ്റിക്സ് പ്രസിഡന്‍റ് സെബാസ്റ്റ്യൻ കോ പറഞ്ഞു. നീന്തലിനുള്ള അന്താരാഷ്ട്ര സംഘടനയായ ഫിനയും സമാനമായ വിലക്ക് ഏർപ്പെടുത്തിയിരുന്നു. 400 മീറ്റർ മുതൽ 1500 മീറ്റർ വരെ ഓട്ടത്തിൽ ടെസ്റ്റോസ്റ്റിറോൺ നിയന്ത്രണങ്ങൾ നേരത്തെ ഏർപ്പെടുത്തിയിരുന്നെങ്കിലും ഇപ്പോൾ വനിതാ വിഭാഗത്തിലെ എല്ലാ ഇനങ്ങളിലും നിയന്ത്രണങ്ങൾ ബാധകമാകും.