കുടുംബശ്രീ സിഡിഎസ്‌ അംഗങ്ങൾക്ക്‌ 500 രൂപ യാത്രാബത്ത; 2785 എഡിഎസിന്‌ 20,000 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത്‌ കുടുംബശ്രീ സിഡിഎസ്‌ അംഗങ്ങൾക്ക്‌ മാസം 500 രൂപ യാത്രാബത്ത അനുവദിച്ചു. ആദ്യമായിട്ടാണ് കുടുംബശ്രീ സിഡിഎസ്‌ അംഗങ്ങൾക്ക്‌ സർക്കാർ പ്രതിഫലം നൽകുന്നത്. ആകെ 18,495 സിഡിഎസ്‌ അംഗങ്ങൾക്കാണ്‌ യാത്ര ബത്ത ലഭിക്കുക. ഇതിൽ തെരഞ്ഞെടുപ്പ്‌ പൂർത്തിയായ ആറു ജില്ലയിൽ പുതുതായി ചുമതലയേറ്റ 8430 അംഗങ്ങൾക്ക്‌ ജനുവരി മുതൽ യാത്രാബത്ത ലഭിക്കും. മറ്റു ജില്ലകളിൽ പുതിയ അംഗങ്ങൾ ചുമതലയേൽക്കുന്നതോടെ ലഭിക്കും.

നിലവിൽ എ കാറ്റഗറിയിലുള്ള കാസർകോട് (777), കണ്ണൂർ (1542), കോഴിക്കോട്‌ (1566), മലപ്പുറം (2257), കോട്ടയം (1341), കൊല്ലം (1415) ജില്ലകളിൽ 8898 പേരാണ്‌ സിഡിഎസ്‌ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടത്‌. ഇതിൽ 468 പേർ സിഡിഎസ്‌ ചെയർപേഴ്‌സൺമാരാണ്‌. ഇവർ 26ന്‌ ചുമതലയേറ്റു. ബി, സി കാറ്റഗറിയിൽപ്പെട്ട ബാക്കി ജില്ലകളിൽ തെരഞ്ഞെടുപ്പ്‌ നടന്നില്ല.

1069 സിഡിഎസ്‌ ചെയർപേഴ്‌സൺമാരുടെ ഓണറേറിയം 7000ൽനിന്ന്‌ 8000 രൂപയാക്കാനും തദ്ദേശ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്റെ അധ്യക്ഷതയിൽ ചേർന്ന കുടുംബശ്രീ ഗവേണിങ്‌ ബോഡി യോഗം തീരുമാനിച്ചു. പണം അനുവദിച്ചുള്ള ഉത്തരവ്‌ അടുത്ത ദിവസം ഇറങ്ങും.

യാത്രാബത്തയ്ക്ക്‌ മാത്രമായി കുടുംബശ്രീക്ക്‌ മാസം 97.94 ലക്ഷംരൂപ ചെലവ്‌ വരും. സിഡിഎസ്‌ ചെയർപേഴ്‌സൺമാർക്കുള്ള പ്രതിഫലം വർധിപ്പിച്ചതിൽ അധിക ചെലവ്‌ 10.69 ലക്ഷം രൂപ. കുടുംബശ്രീയുടെ തനത്‌ ഫണ്ടിൽനിന്ന്‌ തുക കണ്ടെത്തും.

ഏരിയാ ഡെവലപ്‌മെന്റ്‌ സൊസൈറ്റികളെ (എഡിഎസ്‌) ശാക്തീകരിക്കാൻ കുടുംബശ്രീ പ്രത്യേക തുക അനുവദിച്ചു. 152 മാതൃകാ സിഡിഎസിലെ 2785 എഡിഎസിന്‌ കാര്യശേഷി വികസനത്തിനായി 20,000 രൂപ വീതമാണ്‌ അനുവദിച്ചത്‌.

Related Posts