സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്കിടെ മരക്കൊമ്പ് ഒടിഞ്ഞ് വീണു; ഒരു കുട്ടിക്ക് പരിക്കേറ്റു
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയ്ക്കിടെ സ്റ്റേഡിയത്തിൽ മരക്കൊമ്പ് ഒടിഞ്ഞ് വീണ് ഒരു കുട്ടിക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലായിരുന്നു അപകടം. ജാവലിൻ ത്രോ മത്സരത്തിനിടെ മത്സരാർത്ഥികളും അവരുടെ മാതാപിതാക്കളും ഇരുന്ന സ്ഥലത്തേക്ക് മരത്തിന്‍റെ ഒരു കൊമ്പ് ഒടിഞ്ഞ് വീഴുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പരിക്ക് ഗുരുതരമല്ല. ഗാലറിയുടെ തൊട്ടുപിറകിലുള്ള മരക്കൊമ്പാണ് ഒടിഞ്ഞ് വീണത്. അപകടത്തെ തുടർന്ന് ഫയർഫോഴ്സ് പ്രദേശത്തെ മരച്ചില്ലകൾ മുറിച്ചുമാറ്റി. അപകടസമയത്ത് നിരവധി കുട്ടികളും അധ്യാപകരും ഗാലറിയിൽ ഉണ്ടായിരുന്നെങ്കിലും കുട്ടികൾ ഓടിമാറിയതിനാല്‍ വലിയ അപകടം ഒഴിവായി. കുട്ടിയുടെ തലയ്ക്ക് പരിക്കേറ്റതായി ദൃക്സാക്ഷികൾ പറഞ്ഞു. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി അപകടസ്ഥലം സന്ദർശിച്ചു.