നടന്‍ സൂര്യയ്ക്ക് ആദിവാസി ജനതയുടെ നന്ദി പ്രകടനം
ജയ് ഭീമിലൂടെ ആദിവാസി ജനത അനുഭവിക്കുന്ന ദുരവസ്ഥ വ്യക്തമാക്കിയതിനാണ് ആദിവാസികൾ താരത്തിന് നന്ദി അറിയിച്ചത്. മധുര കളക്‌ട്രേറ്റിന് മുന്നിൽ എലികളെയും പാമ്പിനെയും കയ്യിലേന്തിയായിരുന്നു നടന്‍ സൂര്യയ്ക്ക് തമിഴ്‌നാട്ടിലെ ഗോത്രവിഭാഗത്തിലെ ആദിവാസികളുടെ നന്ദി പ്രകടനം.
കാട്ടുനായകന്‍, ഷോളഗ, അടിയന്‍, കാണിക്കാര്‍ തുടങ്ങിയ ഗോത്രവിഭാഗത്തില്‍ പെട്ട അമ്പതോളം പേരാണ് നന്ദിപ്രകടനത്തിന് ഒത്തുകൂടിയത്. ജയ് ഭീം സിനിമയിലൂടെ ആദിവാസി സമൂഹങ്ങളുടെ നിലനിൽപ്പും അവരുടെ ശോചനീയമായ ജീവിതാവസ്ഥയും ലോകത്തിന് മുന്നിൽ തുറന്നുകാട്ടുകയാണ്. അതിന് ആ നടനോട് ഞങ്ങൾ അങ്ങേയറ്റം നന്ദിയുള്ളവരാണെന്ന് തമിഴ്നാട് ട്രൈബൽ നോമാഡ്സ് ഫെഡറേഷൻ പ്രസിഡണ്ട് എം ആർ മുരുകൻ പറഞ്ഞു.
നവംബര്‍ 2 നാണ് ജയ് ഭീം ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തത്. മികച്ച അഭിപ്രായം നേടിയതിനൊപ്പം ചിത്രം നിരവധി വിവാദങ്ങളും സൃഷ്ടിച്ചിരുന്നു. വണ്ണിയാര്‍ സമുദായത്തെ അപമാനിച്ചുവെന്നാരോപിച്ച് സൂര്യ, ജ്യോതിക, ടി ജെ ജ്ഞാനവേല്‍ ആമസോണ്‍ പ്രൈം വീഡിയോ എന്നിവര്‍ മാപ്പ് പറയണമെന്നും അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് വണ്ണിയാര്‍ സംഘം ആവശ്യപ്പെട്ടത്.