ബാലികാ ദിനത്തിൽ പെൺകുട്ടികൾക്ക് ആദരം
അന്താരാഷ്ട്ര ബാലികാ ദിനാചരണത്തോടനുബന്ധിച്ച് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെയും മഹിളാ ശക്തി കേന്ദ്രയുടെയും ആഭിമുഖ്യത്തിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പെൺകുട്ടികളെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ചെൽസിയ ജോബി, ഫാത്തിമ വഫ അബൂബക്കർ, അനു ടി സാബു, ദേവിക എം എം, അഞ്ജു മുരളി, ദേവിക വി വി എന്നിവർക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ചടങ്ങിൽ വിതരണം ചെയ്തു. മുണ്ടൂർ ലയൺസ് ക്ലബിന്റെ സഹകരണത്തോടെയാണ് ആദരവ് സംഘടിപ്പിച്ചത്. ശൈശവ വിവാഹ നിരോധന നിയമം 2006 എന്ന വിഷയത്തെ കുറിച്ച് അഡ്വ. ഫരീദ് അൻസാരി ക്ലാസെടുത്തു. തുടർന്ന് ഇരിഞ്ഞാലക്കുട സെന്റ് ജോസഫ് കോളേജിലെ ബി എസ് ഡബ്ല്യു വിദ്യാർത്ഥിനികൾ കലക്ടറേറ്റ് അങ്കണത്തിൽ അവതരിപ്പിച്ച നാടകാവിഷ്കാരം കലക്ടർ ഹരിത വി കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ വനിത ശിശു വികസന ഓഫീസർ മീര പി, ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ മഞ്ജു പി ജി, വുമൺ പ്രൊട്ടക്ഷൻ ഓഫീസർ ലേഖ എസ്, ലയൺസ് ക്ലബ് പ്രസിഡന്റ് ജെറി തോമസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.