ലഹള ഉണ്ടാക്കാൻ ശ്രമിച്ചു; സ്വപ്നയ്ക്കെതിരെ കേസെടുത്ത് തളിപ്പറമ്പ് പോലീസ്
കണ്ണൂർ: സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കുമെതിരെ കേസെടുത്ത് തളിപ്പറമ്പ് പോലീസ്. ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, ലഹള ഉണ്ടാക്കാൻ ശ്രമിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, കർണാടകയിലുള്ള സ്വപ്നയെ മൊഴിയെടുക്കാൻ വിളിപ്പിച്ചിട്ടുണ്ട്. വിജേഷ് പിള്ളയുടെ ചോദ്യം ചെയ്യൽ 9 മണിക്കൂറായി തുടരുകയാണ്. സ്വപ്നയും സരിത്തും മഹാദേവപുര പോലീസ് സ്റ്റേഷനിലാണുള്ളത്. വൈറ്റ്ഫീൽഡ് ഡിസിപിയും മഹാദേവപുര സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചു. സി.പി.എം നേതൃത്വത്തെയും മുഖ്യമന്ത്രിയെയും സ്വപ്ന സുരേഷ് തുടർച്ചയായി വെല്ലുവിളിക്കുന്നത് ബംഗളൂരുവിൽ നിന്നാണ്. കുടുംബത്തിനെതിരെയടക്കം ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. അതേസമയം കേസുമായി സി.പി.എം നേരിട്ട് മുന്നോട്ട് പോവുകയാണ്. പരാതി പിൻവലിക്കാൻ വിജേഷ് പിള്ള വഴി എം.വി ഗോവിന്ദൻ 30 കോടി രൂപ വാഗ്ദാനം ചെയ്തെന്ന സ്വപ്നയുടെ ആരോപണത്തിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്നാണ് തളിപ്പറമ്പ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. വീഡിയോയിൽ വിജേഷ് പിള്ളയുമായുള്ള സംഭാഷണം ഇല്ലാത്തതിൽ ദുരൂഹതയുണ്ടെന്നും പരാതിയിൽ ആരോപിക്കുന്നു. വിജേഷിനും സ്വപ്നയ്ക്കുമെതിരെ കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ചാൽ നിശബ്ദത പാലിക്കാൻ കഴിയില്ലെന്നും അതിനാലാണ് കേസുകൊടുത്തതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.