തുര്‍ക്കി ഭൂചലനം; 3 ദിവസംമുമ്പ് കൃത്യമായി പ്രവചിച്ച് ഡച്ച് ഗവേഷകന്‍
ആംസ്റ്റര്‍ഡാം: തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂചലനത്തിന്‍റെ പശ്ചാത്തലത്തിൽ ചർച്ചയായി ഡച്ച് ഗവേഷകന്‍റെ പ്രവചനം. നെതർലാൻഡിലെ ആംസ്റ്റർഡാം കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന സോളാർ സിസ്റ്റം ജ്യോമെട്രി സർവേയിലെ (എസ്എസ്ജിഇഒഎസ്) ശാസ്ത്രജ്ഞനായ ഫ്രാങ്ക് ഹൂഗർ ബീറ്റ്സിൻ്റെ പ്രവചനമാണ് ചർച്ചാ വിഷയം. റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തുന്ന ഭൂചലനം മധ്യ, തെക്കൻ തുർക്കി, ജോർദാൻ, സിറിയ, ലെബനൻ എന്നിവിടങ്ങളിൽ ഉടൻ തന്നെ ഉണ്ടാകുമെന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രവചനം. ഫെബ്രുവരി മൂന്നിനായിരുന്നു അദ്ദേഹത്തിന്‍റെ പ്രവചനം. ഹൂഗർ ബീറ്റ്സ് തന്‍റെ പ്രവചനം ട്വിറ്ററിൽ പ്രസിദ്ധീകരിച്ചെങ്കിലും കൂടുതൽ ശ്രദ്ധ ലഭിച്ചിരുന്നില്ല. ഹൂഗർ ബീറ്റ്സ് ഒരു വ്യാജ ശാസ്ത്രജ്ഞനാണെന്ന് പല കോണുകളിൽ നിന്നും പ്രതികരണങ്ങളും ഉണ്ടായി. എന്നിരുന്നാലും, പ്രവചനം പുറത്തുവന്ന് മൂന്നാം ദിവസമായ തിങ്കളാഴ്ച തുർക്കിയിലും സിറിയയിലും ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തെ തുടർന്നുണ്ടായ അപകടങ്ങളിൽ ഇതുവരെ അയ്യായിരത്തിലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രാദേശിക സമയം പുലർച്ചെ നാല് മണിയോടെയാണ് ആദ്യ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിനു ശേഷം തിങ്കളാഴ്ച രണ്ട് ഭൂചലനങ്ങൾ കൂടി ഉണ്ടായി.ഇതിൽ ഒന്ന് റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു.