തുർക്കി ഭൂചലനം; മരണ സംഖ്യ 3700 കടന്നു, 14,000ലധികം പേർക്ക് പരിക്ക്
തുർക്കി: തുർക്കി-സിറിയ അതിർത്തിയിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 3,700 കവിഞ്ഞു. 14,000 ത്തിലധികം പേർക്ക് പരിക്കേറ്റു. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ പ്രകാരം തുർക്കിയിൽ 2,379 പേരും സിറിയയിൽ 1,444 പേരുമാണ് കൊല്ലപ്പെട്ടത്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഇപ്പോഴും നിരവധി പേരാണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നത്. മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ജർമ്മനി, സ്വിറ്റ്സർലൻഡ്, ഹംഗറി, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള രക്ഷാപ്രവർത്തകർ തുർക്കിയിലേക്ക് തിരിച്ചു. ഇന്ത്യയടക്കം 45 രാജ്യങ്ങൾ മരുന്നുകൾ ഉൾപ്പെടെ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. തുടർച്ചയായ മൂന്ന് ഭൂചലനങ്ങളാണ് മേഖലയിൽ കനത്ത നാശം വിതച്ചത്.