തുർക്കി-സിറിയ ഭൂചലനം; മരണസംഖ്യ കാൽ ലക്ഷം കടന്നു, ഭക്ഷ്യവിതരണത്തിന് സഹായം തേടി യുഎൻ

ന്യൂ ഡൽഹി: തുർക്കി-സിറിയ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 25,000 കടന്നു. ദുരിതബാധിത പ്രദേശങ്ങളിലെ ഭക്ഷ്യവസ്തുക്കളുടെ വിതരണത്തിന് ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര സഹായം തേടി. ലോക കായിക സംഘടനകളും സഹായവുമായി മുന്നോട്ട് വന്നിട്ടുണ്ട്. ദുരന്തം നടന്ന് ആറാം ദിവസവും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ തുടരുകയാണ്. കൂടുതൽ രാജ്യങ്ങളിൽ നിന്ന് രക്ഷാപ്രവർത്തകരെ എത്തിച്ച് വ്യാപക തിരച്ചിലാണ് നടക്കുന്നത്. ക്യൂബയിൽ നിന്നും ഇന്തോനേഷ്യയിൽ നിന്നുമുള്ള സഹായ സംഘങ്ങൾ ഇന്ന് തുർക്കിയിലെത്തി. തകർന്നുവീണ കൂറ്റൻ കെട്ടിടങ്ങൾ മുറിച്ച് മാറ്റുക എന്നതാണ് വെല്ലുവിളി. നിരവധി പേരെ ജീവനോടെ രക്ഷിക്കാൻ കഴിയുന്നു എന്നതാണ് രക്ഷാപ്രവർത്തകരുടെ ഊർജ്ജം. അതേസമയം, സിറിയയിലെയും തുർക്കിയിലെയും ദുരിതബാധിത പ്രദേശങ്ങളിൽ ഭക്ഷണം വിതരണം ചെയ്യുന്നതിന് ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര സഹായം തേടിയിട്ടുണ്ട്. അതിശൈത്യം തുടരുന്നതിനാൽ പാകം ചെയ്ത ഭക്ഷണം വിതരണം ചെയ്യാനാണ് ആലോചന. 9 ലക്ഷം പേർ ഭക്ഷ്യപ്രതിസന്ധി നേരിടുന്നുണ്ടെന്നാണ് കണക്ക്. അതേസമയം, ഭൂകമ്പത്തിൽ സർവതും നഷ്ടപ്പെട്ട സാധാരണക്കാരെ സഹായിക്കാൻ കൂടുതൽ സംഘടനകൾ മുന്നോട്ട് വന്നിട്ടുണ്ട്. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ഒരു മില്യൺ ഡോളറും യൂറോപ്യൻ ഫുട്ബോൾ അസോസിയേഷൻ രണ്ട് ലക്ഷം യൂറോയും വാഗ്ദാനം ചെയ്തു. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഒരു മില്യൺ പൗണ്ട് നൽകും.  



Related Posts