തുർക്കി സിറിയ ഭൂചലനം; മരണം 20,000 കടന്നു, അതിശൈത്യം രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി
തുർക്കി: തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 20,000 കടന്നു. പാർപ്പിടം, കുടിവെള്ളം, ഭക്ഷണം, ഇന്ധനം, വൈദ്യുതി എന്നിവയുടെ അഭാവം ഭൂകമ്പത്തെ അതിജീവിച്ചവർ പോലും മരിക്കാൻ കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അവശ്യ മരുന്നുകളുടെ അഭാവവും അതിശൈത്യവും കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഭൂചലനമുണ്ടായി 5 ദിവസം പിന്നിടുന്നതിനാൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനുള്ള സാധ്യതകൾ കുറയുകയാണ്. അഞ്ച് ട്രക്കുകളിലായി അവശ്യസാധനങ്ങൾ എത്തിച്ചുകൊണ്ട് ഇന്നലെ മുതൽ സിറിയയിലെ വിമത മേഖലകളിലെക്ക് യുഎൻ സഹായം എത്തിത്തുടങ്ങി. അതേസമയം, ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് സിറിയയിലേക്ക് തിരിച്ചു.