ഗാന്ധി വധത്തെ ന്യായീകരിച്ചും കർഷക സമരത്തെ അവഹേളിച്ചും ട്വീറ്റ്; ജെ എൻ യു വൈസ് ചാൻസലർ ശാന്തിശ്രീ പണ്ഡിറ്റ് വിവാദച്ചുഴിയിൽ
ഗാന്ധി വധത്തെ ന്യായീകരിക്കുന്നതും കർഷക സമരത്തെ അപലപിക്കുന്നതുമായ സോഷ്യൽ മീഡിയാ പോസ്റ്റുകൾ പൊന്തിവന്നതോടെ ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയുടെ (ജെ എൻ യു) ആദ്യ വനിതാ വൈസ് ചാൻസലറായ ശാന്തിശ്രീ പണ്ഡിറ്റ് വിവാദക്കുരുക്കിൽ. രണ്ടുദിവസം മുമ്പാണ് കേന്ദ്ര സർക്കാർ അവരെ സർവകലാശാല വൈസ് ചാൻസലറായി നിയമിച്ചത്.
എന്നാൽ വിവാദങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ട്വിറ്ററിൽ തനിക്ക് അക്കൗണ്ടില്ലെന്നും ശാന്തിശ്രീ പണ്ഡിറ്റ് പറഞ്ഞു. താൻ സോഷ്യൽ മീഡിയയിൽ സജീവമല്ല. ട്വിറ്ററിൽ ഇതേവരെ അക്കൗണ്ട് തുടങ്ങിയിട്ടില്ല. ഇപ്പോൾ വ്യാപകമായി പ്രചരിപ്പിക്കുന്നത് തൻ്റെ പേരിൽ വ്യാജമായി ആരോ നിർമിച്ച അക്കൗണ്ട് ആണ്. വൈസ് ചാൻസലറായി നിയമിതയായതിന് തൊട്ടുപിന്നാലെയാണ് ശാന്തിശ്രീ പണ്ഡിറ്റിൻ്റെ ട്വിറ്റർ അക്കൗണ്ടിൽ നിന്ന് പോസ്റ്റ് ചെയ്തതായി കരുതപ്പെടുന്ന പഴയ ട്വീറ്റുകളുടെ സ്ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. നിശിതമായ വിമർശനങ്ങൾക്ക് അത് ഇടയാക്കി.
മഹാത്മാഗാന്ധിയുടെ കൊലപാതകത്തെ പരാമർശിക്കുന്ന ഒരു ട്വീറ്റിൽ അദ്ദേഹത്തിന്റെ ഘാതകൻ നാഥുറാം വിനായക് ഗോഡ്‌സെയുടെ "നടപടി പ്രധാനമാണെന്നും ഏകീകൃത ഇന്ത്യയ്ക്ക് അത് പരിഹാരം കണ്ടെത്തി" എന്നും അവകാശപ്പെട്ടു. "ജാമിയ മിലിയ, സെന്റ് സ്റ്റീഫൻസ് പോലുള്ള സാമുദായിക കാമ്പസുകൾക്ക് ധനസഹായം നൽകുന്നത് അവസാനിപ്പിക്കണം" എന്നാണ് മറ്റൊരു ട്വീറ്റ്. വിവാദമായ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ "പരാന്നഭോജികൾ" എന്ന് വിശേഷിപ്പിച്ചു കൊണ്ടുള്ള ട്വീറ്റും ഉണ്ട്.