ട്വന്‍റി-20 അംഗങ്ങള്‍ വേദി വിട്ടത് പാര്‍ട്ടി നിലപാട്; പരാതി പാർട്ടിയെ ഇല്ലാതാക്കാനെന്ന് സാബു എം.ജേക്കബ്
കൊച്ചി: കുന്നത്തുനാട് എം.എൽ.എ പി.വി ശ്രീനിജന്‍റെ പരാതിയിൽ തനിക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെ ട്വന്‍റി-20 പ്രസിഡന്‍റ് സാബു എം.ജേക്കബിന്‍റെ പ്രതികരണം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ട്വന്‍റി-20യെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അതിനാണ് ശ്രീനിജന്‍റെ പരാതിയെന്നും അദ്ദേഹം ആരോപിച്ചു. ട്വന്‍റി-20യുടെ വികസന പ്രവർത്തനങ്ങൾ സ്വന്തം പേരിലാക്കാനാണ് ശ്രീനിജന്‍റെ ശ്രമം. എൽ.ഡി.എഫ്, യു.ഡി.എഫ് നേതാക്കളുമായി വേദി പങ്കിടേണ്ടെന്നത് പാർട്ടി തീരുമാനമാണ്. എം.എൽ.എ ആണെന്ന് കരുതി വൃത്തികെട്ട കാര്യങ്ങൾ ചെയ്യുന്ന ഒരാളെ ബഹുമാനിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. എം.എൽ.എയെ സ്റ്റേജിൽ പരസ്യമായി അപമാനിച്ചെന്ന പരാതിയിൽ സാബു എം ജേക്കബിനെതിരെ പുത്തൻകുരിശ് പൊലീസ് കേസെടുത്തിരുന്നു. തൊട്ടുപിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയൽ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്‍റ് ഡീനാ ദീപക്കാണ് രണ്ടാം പ്രതി. ചിങ്ങം ഒന്നിന് ഐക്കരനാട് കൃഷിഭവൻ സംഘടിപ്പിച്ച കർഷകദിനാഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയ എം.എൽ.എ എത്തിയപ്പോൾ പഞ്ചായത്ത് പ്രസിഡന്‍റ് ഉൾപ്പെടെയുള്ള അംഗങ്ങൾ ഇറങ്ങിപ്പോയതാണ് പരാതിക്ക് കാരണം.