ട്വന്‍റി- 20 ലോകകപ്പിന് തുടക്കമായി; ആദ്യ പോരാട്ടം ആരംഭിച്ചു
ഗീലോങ്: ട്വന്റി-ട്വന്റി ലോകകപ്പ് ഓസ്ട്രേലിയയിൽ ആരംഭിച്ചു. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ നമീബിയയ്ക്കെതിരെ ടോസ് നേടിയ ശ്രീലങ്കൻ ക്യാപ്റ്റൻ ദസുന്‍ ശനക ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഏഷ്യാ കപ്പിലെ തകർപ്പൻ ജയത്തിന്‍റെ കരുത്തിലാണ് ശ്രീലങ്ക കളത്തിലിറങ്ങുന്നത്. പതിനാറ് ടീമുകളാണ് ലോകകപ്പിൽ മത്സരിക്കുന്നത്. ഇന്ത്യ ഉൾപ്പെടെ എട്ട് ടീമുകൾ ഇതിനകം തന്നെ സൂപ്പർ 12ൽ ഇടം നേടിയിട്ടുണ്ട്. ഈ മാസം 22ന് ഓസ്ട്രേലിയയും ന്യൂസിലാൻഡും തമ്മിലുള്ള മത്സരത്തോടെയാണ് സൂപ്പർ 12 ആരംഭിക്കുന്നത്. ഓസ്ട്രേലിയയിലെ ഏഴ് നഗരങ്ങളിലായാണ് ലോകകപ്പ് നടക്കുന്നത്. നവംബർ 13ന് എംസിജി സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം. 23ന് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ അയൽരാജ്യമായ പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. നാളെ നടക്കുന്ന സന്നാഹ മത്സരത്തിൽ കരുത്തരായ ഓസ്ട്രേലിയയെയാണ് ഇന്ത്യ നേരിടുക. ലോകകപ്പിന് മുമ്പ് ഇന്ത്യയുടെ കരുത്തും ദൗർബല്യവും പരിശോധിക്കാനുള്ള അവസരമായിരിക്കും ഓസ്ട്രേലിയയ്ക്കെതിരായ മത്സരം. പരിക്കേറ്റ പേസർ ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനായി ഇറങ്ങിയ മുഹമ്മദ് ഷമി ഓസ്ട്രേലിയക്കെതിരെ കളിക്കുമോ എന്ന് വ്യക്തമല്ല. ഷമിയെ നേരിൽ കണ്ട ശേഷം തീരുമാനമെടുക്കുമെന്ന് ക്യാപ്റ്റൻ രോഹിത് ശർമ പറഞ്ഞു.