ട്വന്റി20 ക്രിക്കറ്റ്; 2022ലെ മികച്ച പുരുഷ താരം സൂര്യകുമാർ യാദവ്
മുംബൈ: കഴിഞ്ഞ വർഷത്തെ ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച പുരുഷ താരം സൂര്യകുമാർ യാദവ്. 2022ലെ ടി20 ക്രിക്കറ്റ് താരത്തെ ബുധനാഴ്ച വൈകിട്ടാണ് ഐസിസി പ്രഖ്യാപിച്ചത്. ടി20യിൽ ഒരു കലണ്ടർ വർഷത്തിൽ 1000 റൺസിനു മുകളിൽ തികയ്ക്കുന്ന രണ്ടാമത്തെ താരമാണ് സൂര്യകുമാർ യാദവ്. 2022, ടി 20 യിൽ ടോപ്പ് സ്കോററായ സൂര്യ 187.43 സ്ട്രൈക്ക് റേറ്റിൽ 1164 റൺസ് നേടി. ഇന്ത്യൻ ടി 20 ടീമിലെ സ്ഥിരം സാന്നിധ്യമായ സൂര്യ ഇതുവരെ രണ്ട് സെഞ്ച്വറികളും ഒമ്പത് അർധസെഞ്ച്വറികളും നേടിയിട്ടുണ്ട്. നോട്ടിംഗ്ഹാമിൽ ഇംഗ്ലണ്ടിനെപ്പോലെ ശക്തരായ ടീമിനെതിരെയാണ് അദ്ദേഹം തന്‍റെ ആദ്യ ടി 20 സെഞ്ച്വറി നേടിയതെന്ന് ഐസിസി പ്രസ്താവനയിൽ പറഞ്ഞു. സൂര്യകുമാർ യാദവ് 55 പന്തിൽ നിന്ന് 117 റൺസാണ് നേടിയെടുത്തത്. ടി 20 ചരിത്രത്തിൽ ഒരു വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ താരമെന്ന റെക്കോർഡും സൂര്യയുടെ പേരിലാണ്. സൂര്യകുമാർ യാദവ് 2022 ൽ 68 സിക്സറുകൾ നേടി. ട്വന്‍റി-20യിൽ 45 മൽസരങ്ങളിൽ നിന്നായി 1578 റൺസാണ് അദ്ദേഹം കരസ്ഥമാക്കിയിട്ടുള്ളത്.