ട്വന്റി20 ലോകകപ്പ് തോൽവി: ഇന്ത്യൻ ടീം സെല‌ക്‌ഷൻ കമ്മിറ്റി പിരിച്ചുവിട്ടു

ന്യൂഡൽഹി: ഓസ്ട്രേലിയയിൽ നടന്ന ടി20 ക്രിക്കറ്റ് ലോകകപ്പിന്‍റെ ഫൈനലിൽ എത്താതെ ഇന്ത്യ പുറത്തായതിനെ തുടർന്ന് ചേതൻ ശർമയുടെ നേതൃത്വത്തിലുള്ള നാലംഗ സീനിയർ നാഷണൽ സെലക്ഷൻ കമ്മിറ്റിയെ ബിസിസിഐ പിരിച്ചുവിട്ടു. ചേതൻ ശർമ (നോർത്ത് സോൺ), ഹർവീന്ദർ സിംഗ് (മധ്യമേഖല), സുനിൽ ജോഷി (സൗത്ത് സോൺ), ദേബാശിഷ് മൊഹന്തി (ഈസ്റ്റ് സോൺ) എന്നിവരാണ് സെലക്ഷൻ കമ്മിറ്റി അംഗങ്ങൾ. ചേതൻ ശർമ ചീഫ് സെലക്ടറായതിന് പിന്നാലെ 2021ലെ ടി20 ലോകകപ്പിന്‍റെ സെമി ഫൈനലിൽ നിന്ന് ഇന്ത്യ പുറത്തായിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ഇന്ത്യ പരാജയപ്പെട്ടു. സാധാരണയായി, സെലക്ടർമാരുടെ കാലാവധി 4 വർഷമാണ്. എന്നിരുന്നാലും, പ്രധാന ടൂർണമെന്‍റുകളിലെ തുടർച്ചയായ പരാജയങ്ങളെ തുടർന്നാണ് സെലക്ഷൻ കമ്മിറ്റി പിരിച്ചുവിട്ടത്. ഫെബ്രുവരിയിൽ എബി കുരുവിളയുടെ കാലാവധി അവസാനിച്ചതിന് ശേഷം വെസ്റ്റ് സോണിൽ നിന്ന് സെലക്ടർ ഉണ്ടായിരുന്നില്ല. പുതിയ സെല്കർമാരെ തിരഞ്ഞെടുക്കുന്നതിന് ബിസിസിഐ അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ യോഗ്യതയുടെ വിശദാംശങ്ങൾ ബിസിസിഐ ഔദ്യോഗിക ട്വിറ്റർ പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. കുറഞ്ഞത് 5 വർഷം മുമ്പെങ്കിലും ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഈ മാസം 28 ആണ്.

Related Posts