ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്താൽ അപ്പീൽ നൽകാം; പുതിയ സംവിധാനം ഫെബ്രുവരി 1 മുതൽ

യുഎസ്: ട്വിറ്റർ അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യപ്പെട്ടാൽ ഇനി മുതൽ ഉപഭോക്താക്കൾക്ക് അപ്പീൽ നൽകാം. ഈ അപ്പീലുകൾ ട്വിറ്ററിന്‍റെ പുതിയ മാനദണ്ഡങ്ങൾക്കനുസൃതമായി വിലയിരുത്തി അക്കൗണ്ട് പുനഃസ്ഥാപിക്കുന്നത് പരിഗണിക്കും. ഈ സംവിധാനം ഫെബ്രുവരി 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ട്വിറ്റർ അറിയിച്ചു. പുതിയ മാനദണ്ഡങ്ങൾ അനുസരിച്ച്, ഗുരുതരമായതും ആവർത്തിച്ചുള്ളതുമായ ലംഘനങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ട്വിറ്റർ അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യുകയുള്ളൂ. നിയമ വിരുദ്ധമായ ഉള്ളടക്കം, പ്രവൃത്തികൾ, കുറ്റകൃത്യങ്ങൾ പ്രോത്സാഹിപ്പിക്കൽ, ഭീഷണിപ്പെടുത്തൽ, മറ്റ് ഉപഭോക്താക്കളെ സംഘടിതമായി ഉപദ്രവിക്കൽ എന്നിവ ഗുരുതരമായ കുറ്റകൃത്യങ്ങളായി ട്വിറ്റർ പരിഗണിക്കും. ട്വിറ്ററിന്‍റെ നയങ്ങൾ പാലിക്കാത്ത ട്വീറ്റുകളുടെ വ്യാപനം നിയന്ത്രിക്കുകയും ഇത്തരം ട്വീറ്റുകൾ നീക്കംചെയ്യാൻ ഉപയോക്താക്കളോട് ആവശ്യപ്പെടുകയും ചെയ്യും. കഴിഞ്ഞ വർഷം ഡിസംബറിൽ എലോൺ മസ്കിനെ വിമർശിച്ച നിരവധി മാധ്യമ പ്രവർത്തകരുടെയും ചില പ്രമുഖ വ്യക്തികളുടെയും അക്കൗണ്ടുകൾ ട്വിറ്റർ സസ്പെൻഡ് ചെയ്തിരുന്നു. ഇത് വ്യാപകമായ പ്രശ്നങ്ങൾക്ക് കാരണവുമായിരുന്നു.

Related Posts