എച്ച്3എൻ2 ഇൻഫ്ലുവൻസ വൈറസ് ബാധിച്ച് രണ്ട് മരണം; ഇന്ത്യയിൽ ആദ്യം

ന്യൂഡൽഹി: രാജ്യത്ത് ആദ്യമായി എച്ച് 3 എൻ 2 വൈറസ് മൂലമുണ്ടായ ഇൻഫ്ലുവൻസ ബാധിച്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഹരിയാനയിലും കർണാടകയിലും ഓരോരുത്തർ വീതം മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയിൽ ഇതുവരെ 90 പേർക്കാണ് എച്ച് 3 എൻ 2 വൈറസ് ബാധിച്ചത്. 8 പേർക്ക് എച്ച് 1 എൻ 1 വൈറസ് ബാധയും ഉണ്ടായി. 'ഹോങ്കോങ് ഫ്ലൂ' എന്നും അറിയപ്പെടുന്ന എച്ച് 3 എൻ 2 വൈറസ് രാജ്യത്ത് വർദ്ധിച്ച് കൊണ്ടിരിക്കുകയാണ്. എച്ച് 3 എൻ 2, എച്ച് 1 എൻ 1 എന്നിവയ്ക്ക് കോവിഡിന് സമാനായ ലക്ഷണങ്ങളാണ് ഉള്ളത്. കോവിഡ്-19 ന്‍റെ ഭീഷണിയിൽ നിന്ന് ലോകം കരകയറുമ്പോൾ ഇൻഫ്ലുവൻസ പടരുന്നത് ആശങ്കാജനകമാണ്. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, മാർച്ച് അവസാനമോ ഏപ്രിൽ ആദ്യമോ താപനില ഉയരാൻ തുടങ്ങുമ്പോൾ ഈ ഉപവിഭാഗത്തിലൂടെയുള്ള അണുബാധ കുറയും. മറ്റ് ഇൻഫ്ലുവൻസ വൈറസുകളേക്കാൾ കൂടുതൽ ലക്ഷണങ്ങൾ എച്ച് 3 എൻ 2 വൈറസ് കാണിക്കുന്നുവെന്ന് ഗുരുഗ്രാമിലെ ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഇന്‍റേണൽ മെഡിസിൻ മേധാവി ഡോ. സതീഷ് കൗളിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതൊരു പുതിയ വകഭേദമല്ലെന്നും 1968 ൽ ഹോങ്കോങ്ങിൽ വലിയ തോതിൽ പൊട്ടിപ്പുറപ്പെട്ടത് ഈ വൈറസാണെന്നും ഡോക്ടർ വ്യക്തമാക്കി.


Related Posts