മഹീന്ദ്ര താറിൽ ലോകം ചുറ്റുന്ന മലയാളികൾ; ആദ്യ ലക്ഷ്യമായ യുഎഇ ഏതാണ്ട് പിന്നിട്ടു, ഇനി ഒമാനിലേക്ക്

മലയാളികൾ പൊളിയാണ്. വെറും പൊളിയല്ല, അടിപൊളി. ലോകം മുഴുവൻ സാന്നിധ്യമുളള മലയാളിയെപ്പറ്റി പ്രചരിക്കുന്ന ഒരു തമാശക്കഥയുണ്ട്. ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ നീൽ ആംസ്ട്രോങ്ങ് അവിടെയൊന്ന് ചുറ്റിക്കറങ്ങിയപ്പോൾ ചായക്കട നടത്തുന്ന കുമാരേട്ടനെ കണ്ട് അതിശയിച്ചു പോയത്രേ. സംഗതി കിടു തമാശയാണെങ്കിലും മലയാളിയുടെ ലോക സാന്നിധ്യം ഒരു അപൂർവ വിസ്മയം തന്നെയാണ്.

അത്തരമൊരു വിസ്മയമാണ് മഹീന്ദ്ര താറിൽ ലോകം ചുറ്റാനൊരുങ്ങുന്ന മലയാളി പിള്ളേർ ഹാഫിസും ഹിജാസും നമുക്ക് സമ്മാനിക്കുന്നത്. 19 വയസ്സേ ഉള്ളൂ മുഹമ്മദ് ഹാഫിസിന്. മൂന്ന് വയസ്സിൻ്റെ മൂപ്പുകാണും ഹിജാസിന്. യുഎഇ യിൽ ട്രക്ക് ഡ്രൈവർമാർ ആയിരുന്ന ബക്കറിൻ്റെയും ഇഖ്ബാലിൻ്റെയും പുന്നാര മക്കൾ. മഹീന്ദ്ര താറിൽ ലോകം മുഴുവൻ പര്യടനം നടത്താനാണ് ഇരുവരുടേയും പ്ലാൻ. ലോകം മുഴുവൻ ഇങ്ങനെ കറങ്ങി നടക്കണം. വ്യത്യസ്ത സംസ്കാരങ്ങളെ കണ്ടറിയണം. വണ്ടിക്കുള്ള സിപിഡി പെർമിറ്റ് നേരത്തേ എടുത്തു. വ്യത്യസ്ത രാജ്യങ്ങളിൽ സഞ്ചരിക്കുമ്പോൾ കൈവശം സൂക്ഷിക്കേണ്ട കസ്റ്റംസ് രേഖയാണ് സിപിഡി പെർമിറ്റ്. താത്കാലിക പ്രവേശന അനുമതിയാണ് അത് നൽകുന്നത്.

യുഎഇ മുഴുവൻ കറങ്ങുകയായിരുന്നു ആദ്യ ലക്ഷ്യം. അത് ഏതാണ്ട് പൂർത്തിയാവാറായി. ആദ്യ ലക്ഷ്യമായി യുഎഇ തിരഞ്ഞെടുത്തതിന് പിന്നിൽ വ്യക്തമായ കാരണങ്ങളുണ്ട്. ഒന്നാമതായി എമിറേറ്റുകളോടുള്ള കടപ്പാട് തന്നെ. ജീവിതം തന്നത് യുഎഇ യാണ്. അകന്ന ബന്ധുക്കൾ കൂടിയായ ഹാഫിസിനും ഹിജാസിനും അവരുടെ കുടുംബങ്ങൾക്കും അന്നം നൽകിയ മണ്ണിനോടുള്ളത് പറഞ്ഞാൽ തീരാത്ത കടപ്പാടാണ്. സുഹൃത്തുക്കളും ബന്ധുക്കളുമായി ഒട്ടേറെ പേർ യുഎഇ യിലുണ്ട് എന്നത് മറ്റൊരു കാര്യം. അവരുടെയൊക്കെ കട്ട പിന്തുണയോടെയാണ് യാത്രയുടെ തുടക്കം. 7-ൽ 6 എമിറേറ്റുകളിലേയും പര്യടനം പിന്നിട്ടത് സ്നേഹ സൗഹൃദങ്ങളുടെ പച്ചപ്പും ഊഷ്മളതയും അനുഭവിച്ചുകൊണ്ടാണ്. ആദ്യം ലാൻഡ് ചെയ്ത ദുബൈൽ മുതൽ ഇതുവരെയുള്ള യാത്ര അങ്ങനെ പരിചിത മേഖലയിലൂടെ ആയിരുന്നു എന്ന് പറയാം.

ഇനിയങ്ങോട്ട് അജ്ഞാതമായ ഭൂഖണ്ഡങ്ങളിലേക്കും അപരിചിതരായ മനുഷ്യരിലേക്കുമാണ് ഇരുവരുടേയും യാത്ര. അടുപ്പക്കാരില്ലാത്തതിനാൽ യുഎഇ പിന്നിട്ടാൽ ഉറക്കം മിക്കവാറും വണ്ടിയിൽ തന്നെയാവും. ഒരു മിനി ആംബുലൻസിലേതു പോലെ കിടക്കയെല്ലാം വണ്ടിയിൽ തന്നെ സജ്ജീകരിച്ചിട്ടുണ്ട്.

യാത്രയെ പിന്തുണയ്ക്കണം. പെർമിറ്റ് നൽകണം. വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ മിഷനുകളോട് ഇരുവർക്കും അഭ്യർഥിക്കാനുള്ളത് അതുമാത്രമാണ്. ഒമിക്രോൺ എടങ്ങേറുണ്ടാക്കുമോ എന്ന ആശങ്ക പങ്കുവെയ്ക്കുമ്പോഴും രണ്ട് ഡോസ് വാക്സിനും എടുത്തതിനാൽ വലിയ പ്രയാസങ്ങൾ ഉണ്ടാവില്ലെന്ന പ്രതീക്ഷ കൂടെയുണ്ട്. ഡിസംബർ 27-ന് ഒമാനിൽ എത്താനാണ് ഇരുവരുടെയും പദ്ധതി.

ഈ പൊളി പിള്ളേരുടെ വേൾഡ് റൈഡിലെ കൗതുകകരമായ മറ്റൊരു കാര്യം സഞ്ചരിക്കാൻ ഉദ്ദേശിക്കുന്ന രാജ്യങ്ങളുടെയെല്ലാം പതാകകൾ ഏന്തിയാണ് യാത്ര എന്നതാണ്. ലോക ഭൂപടം, അതിൽ തങ്ങൾ യാത്ര ചെയ്യുന്ന രാജ്യങ്ങൾ, വിശദാംശങ്ങളെല്ലാം വണ്ടിയുടെ മുമ്പിൽ തന്നെ പ്രദർശിപ്പിച്ചിട്ടുണ്ട്. ത്രിവർണത്തിൽ തിളങ്ങി നിൽക്കുന്ന ഇന്ത്യൻ പതാകയും കാണാം. യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ വലിയ ചിത്രവും താറിൽ തെളിമയോടെയുണ്ട്.

എന്തായാലും, കെ എൽ 17 ഡബ്ല്യു 2866 എന്ന കിടിലൻ ജീപ്പിൽ കയറി ഹാഫിസും ഹിജാസും ലോകമാകെ കറങ്ങുന്നതിനിടയിൽ ഇരുവരും പരസ്പരം സംസാരിക്കുക മലയാളത്തിലാവും എന്ന കാര്യം ഉറപ്പാണ്. കാൻബറയിലും ബ്രസൽസിലും ബൊഗോട്ടയിലും ജിബൂട്ടിയിലും മാഡ്രിഡിലും മസാച്യുസെറ്റ്സിലും, അങ്ങനെയങ്ങനെ ലോകമെങ്ങുമുള്ള തെരുവുകളിലെല്ലാം അവരുടെ തനിനാടൻ മലയാളം മുഴങ്ങും. മുഴങ്ങട്ടെ മലയാളം എന്ന് നമുക്കും ആശംസിക്കാം.

Related Posts