കൊവിഡ് ചികിത്സയ്ക്ക് രണ്ട് മരുന്നുകൾ കൂടി ശുപാർശ ചെയ്ത് ലോകാരോഗ്യ സംഘടന
ലോകമെങ്ങും ഒമിക്രോൺ വകഭേദം ശക്തിപ്പെടുകയും മൂന്നാം തരംഗം വ്യാപിക്കുകയും ചെയ്യുന്നതിനിടെ കൊവിഡ് ചികിത്സയ്ക്ക് രണ്ട് മരുന്നുകൾ കൂടി ശുപാർശ ചെയ്ത് ലോകാരോഗ്യ സംഘടന. ഇലായ് ലിലി, ഗ്ലാക്സോ സ്മിത്ത്ക്ലൈൻ-വിർ ബയോടെക്‌നോളജി ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ മരുന്നുകൾക്കാണ് ഡബ്ല്യുഎച്ച്ഒ അംഗീകാരം നൽകിയത്.
അതിവേഗം പടരുന്ന ഒമിക്രോൺ വകഭേദത്തെ ചെറുക്കാൻ നിലവിലുളള മരുന്നുകൾ ഫലപ്രദമല്ലാത്ത സാഹചര്യമുണ്ട്. ഇലായ് ലിലിയുടെ ബാരിസിറ്റിനിബ് ആണ് അംഗീകാരം ലഭിച്ച ഒരു മരുന്ന്. ഒലൂമിയന്റ് എന്ന ബ്രാൻഡിലാണ് ഇത് വിൽക്കുന്നത്. കോർടികോ സ്റ്റിറോയ്ഡുകൾക്കൊപ്പം ഉപയോഗിക്കേണ്ട ഇത് ഗുരുതരാവസ്ഥയിലുള്ള രോഗികൾക്കാണ് ശുപാർശ ചെയ്തിട്ടുള്ളത്.
ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടവരും ഉയർന്ന അപകടസാധ്യതയുള്ളവരും എന്നാൽ ഗുരുതരാവസ്ഥയിലല്ലാത്തവരുമായ രോഗികൾക്കുള്ള ഗ്ലാക്സോ സ്മിത്ത്ക്ലൈൻ-വിർ ബയോടെക്‌നോളജി കമ്പനികളുടെ ആന്റിബോഡി തെറാപ്പിയും ഡബ്ല്യുഎച്ച്ഒ അംഗീകരിച്ചു.