സുമിയില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്കായി രണ്ട് സുരക്ഷിത ഇടനാഴി
ന്യൂഡല്‍ഹി: പോരാട്ടം രൂക്ഷമായ ഉക്രൈനിലെ സുമി നഗരത്തില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കുന്നതിനായി രണ്ടു സുരക്ഷിത ഇടനാഴികള്‍ തുറന്നതായി റഷ്യ അറിയിച്ചു.
സുമി-സുഴ-ബെലോറോഡ് (റഷ്യ) വഴിയും സുമി-ഗോലുബോവ്ക- റെമ്‌നി-ലോഖ് വിറ്റ്‌സ- ലുബ്‌നി-പോള്‍ട്ടാവ വഴിയും (സെന്‍ട്രല്‍ യുക്രൈന്‍) ഒഴിപ്പിക്കല്‍ നടപടിയാകാമെന്നാണ് റഷ്യ വ്യക്തമാക്കിയിട്ടുള്ളത്.
തലസ്ഥാനമായ കീവ്, തുറമുഖ നഗരമായ മരിയൂപോള്‍, ഹാര്‍കീവ്, സുമി എന്നീ നഗരങ്ങളിലാണ് റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ത്യന്‍ സമയം 12.30 മുതലാണ് വെടിനിര്‍ത്തല്‍.
അതിനിടെറഷ്യന്‍ അധിനിവേശം അവസാനിപ്പിക്കണമെന്ന് ഉക്രൈന്‍ യുഎന്‍ രാജ്യാന്തര നീതിന്യായകോടതിയില്‍ ആവശ്യപ്പെട്ടു. മോസ്‌കോയോട് അധിനിവേശം അവസാനിപ്പിക്കാന്‍ നീതിന്യായ കോടതി ഉടന്‍ ഉത്തരവിടണം. അധിനിവേശത്തെ ന്യായീകരിക്കാന്‍ തെറ്റായ വാദങ്ങളാണ് റഷ്യ നിരത്തുന്നതെന്നും ഉക്രൈന്‍ ആരോപിച്ചു.
ഉക്രൈനിലെ ഡോണെസ്‌ക്, ലുഗാന്‍സ്‌ക് പ്രവിശ്യകളില്‍ വംശഹത്യ നടന്നുവെന്നാണ് റഷ്യ പറയുന്നത്. എന്നാല്‍ സൈനിക ആക്രമണത്തിലൂടെ റഷ്യയും പുടിനുമാണ് വംശഹത്യ നടത്തുന്നതെന്ന് ഉക്രൈന്‍ ആരോപിച്ചു.