യുഎഇ തൊഴിൽ ഇൻഷുറൻസ്; ജീവനക്കാർ ചേരാതിരുന്നാൽ 400 ദിർഹം പിഴ
ദുബായ്: പുതിയ ഇൻഷുറൻസിന്‍റെ ഭാഗമാകാത്ത തൊഴിലാളികൾക്ക് 400 ദിർഹം പിഴ ചുമത്താൻ യുഎഇ. കമ്പനി പാപ്പരാകുകയോ നിശ്ചലമാകുകയോ ചെയ്താൽ ജീവനക്കാർക്ക് സാമ്പത്തിക സുരക്ഷ നൽകുന്ന പദ്ധതിയാണ് പുതിയ എംപ്ലോയ്മെന്‍റ് ഇൻഷുറൻസ്. ഇതിൽ ഭാഗമാകാത്തവരിൽ നിന്ന് പിഴ ഈടാക്കുമെന്ന് തൊഴിൽ പരാതി വകുപ്പ് തലവൻ ഡോ.അഹമ്മദ് അൽഖാറ പറഞ്ഞു. ഇൻഷുറൻസ് തുക ഗഡുക്കളായി അടയ്ക്കുന്ന ജീവനക്കാർ 3 മാസത്തിൽ കൂടുതൽ തുക കുടിശ്ശികയാണെങ്കിൽ 200 ദിർഹം അധികമായി നൽകണം. ജോലി നഷ്ടപ്പെട്ടാൽ ജീവനക്കാർക്ക് സാമ്പത്തിക ബാധ്യത ഉണ്ടാകാതിരിക്കാനാണ് ഇൻഷുറൻസ് നിർബന്ധമാക്കിയത്. തൊഴിലാളിയുടെ പരിധിയിൽ വരാത്ത കാര്യങ്ങൾ കാരണം ജോലി നഷ്ടപ്പെടുകയാണെങ്കിൽ ഇൻഷുറൻസ് ഉപയോഗപ്രദമാകും. സെക്യൂരിറ്റി പ്ലാനിന്‍റെ ഭാഗമാകുന്നവർക്ക് കമ്പനി പ്രതിസന്ധി ഉണ്ടായാൽ സർവീസ് ആനുകൂല്യങ്ങളും മടക്ക വിമാന ടിക്കറ്റുകളും ഉറപ്പാക്കാൻ കഴിയും. സ്വകാര്യമേഖലയിൽ മാത്രമല്ല, ഫെഡറൽ സർക്കാർ ജീവനക്കാർ ഉൾപ്പെടെ സ്വദേശികളും വിദേശികളുമായ എല്ലാവരെയും ഇൻഷുറൻസിന്‍റെ പരിധിയിൽ കൊണ്ടുവന്നിട്ടുണ്ട്. പുതിയ ഇൻഷുറൻസ് സംബന്ധിച്ച് രാജ്യത്തെ 9 ദേശീയ ഇൻഷുറൻസ് കമ്പനികളുമായി മന്ത്രാലയം കരാർ ഒപ്പിട്ടു. ഈ സ്ഥാപനങ്ങൾ ജനുവരി മുതൽ തൊഴിലാളികൾക്ക് ഇൻഷുറൻസ് പാക്കേജ് രേഖകൾ നൽകും. 12 മാസത്തിന് ശേഷമാണ് ആനുകൂല്യങ്ങൾക്ക് അർഹത ലഭിക്കുക.