ടിക്കറ്റ് നിരക്കിലെ വർധന ; ഒമാന്‍ വഴി യാത്ര ചെയ്ത് യുഎഇ പ്രവാസികള്‍

മസ്‌കത്ത്: ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള ടിക്കറ്റുകളുടെ വില കുതിച്ചുയർന്നതോടെ യു എ ഇ പ്രവാസികളുടെ ഇടത്താവളമായി ഒമാൻ. അവധിക്കാലം അവസാനിച്ചതോടെ ആയിരക്കണക്കിന് പ്രവാസികളാണ് മടങ്ങുന്നത്. ടിക്കറ്റ് നിരക്കിൽ ആശ്വാസം ലഭിക്കാൻ ഇതര ജിസിസി രാഷ്ട്രങ്ങള്‍ വഴി യാത്ര തിരഞ്ഞെടുക്കുകയാണ് യുഎഇ മലയാളികള്‍. ഇവരിൽ ഭൂരിഭാഗവും ഒമാനെയാണ് ആശ്രയിക്കുന്നത്. യു എ ഇ യിലേക്കുള്ള പകുതി നിരക്കിൽ കേരള സെക്ടറുകളിൽ നിന്ന് ഒമാനിലേക്ക് ടിക്കറ്റ് ലഭ്യമാണ്. മസ്കറ്റ്, സുഹർ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ വഴിയാണ് പ്രവാസികൾ യു എ ഇയിലേക്ക് പോകുന്നത്. വിമാന ടിക്കറ്റ് നിരക്കിന് പുറമേ ഒമാൻ സന്ദർശക വിസ, യുഎഇയിലേക്കുള്ള ബസ് ടിക്കറ്റ് എന്നിവയും ഒമാൻ വഴിയുള്ള യാത്രയ്ക്ക് ആവശ്യമാണ്. ഇവയ്ക്ക് 4,000 രൂപയിൽ താഴെയാണ് ചെലവ്. ഓഗസ്റ്റ് 23 നും 26 നും ഇടയിൽ കോഴിക്കോട് നിന്ന് മസ്കറ്റിലേക്കുള്ള ടിക്കറ്റ് നിരക്ക് 14,826 രൂപയാണ്. 27 മുതൽ ആരംഭിക്കുന്ന ദിവസങ്ങളിൽ ഇത് 12,776 രൂപയായി കുറയും. എന്നാൽ ഈ ദിവസങ്ങളിൽ കോഴിക്കോട് നിന്ന് ദുബായിലേക്കുള്ള ടിക്കറ്റ് നിരക്ക് 29,600 രൂപ മുതൽ 35,620 രൂപ വരെയാണ്. കൊച്ചിയിൽ നിന്ന് മസ്കറ്റിലേക്കുള്ള ടിക്കറ്റിന് 17,039 രൂപയാണ് വില. എന്നാൽ കൊച്ചിയിൽ നിന്ന് ദുബായിലെത്താൻ, 43,000 രൂപയിൽ കൂടുതൽ നൽകണം. 

Related Posts