ഗായിക കെ എസ് ചിത്രയ്ക്ക് യുഎഇ ഗോൾഡൻ വിസ
യുഎഇ സർക്കാരിൻ്റെ വിഖ്യാതമായ ഗോൾഡൻ വിസ മലയാളത്തിൻ്റെ പ്രിയ ഗായിക കെ എസ് ചിത്രയ്ക്ക്. ദുബായ് ഇമിഗ്രേഷൻ മേധാവി മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മാരിയിൽനിന്ന് ഇന്നു രാവിലെയാണ് പ്രിയ ഗായിക ഗോൾഡൻ വിസ ഏറ്റുവാങ്ങിയത്. യുഎഇ സർക്കാരിൻ്റെ അംഗീകാരത്തിൽ താൻ അങ്ങേയറ്റം ആഹ്ലാദിക്കുന്നതായി ഗായിക പറഞ്ഞു.
2019 മുതലാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ ഗോൾഡൻ വിസ നടപ്പിലാക്കി തുടങ്ങിയത്. 10 മില്യൺ എമിറേറ്റി ദിർഹം നിക്ഷേപിച്ച സംരംഭകർ, നിക്ഷേപകർ, ശാസ്ത്ര സാങ്കേതിക മേഖലകളിൽ കഴിവ് തെളിയിച്ചവർ, സ്പോർട്സ് താരങ്ങൾ, ഡോക്ടർമാർ, ഗവേഷകർ, കലാകാരന്മാർ തുടങ്ങി പ്രഗത്ഭ വ്യക്തിത്വങ്ങൾക്കാണ് ഗോൾഡൻ വിസ നൽകുന്നത്. അഞ്ച് വർഷത്തേക്കോ പത്ത് വർഷത്തേക്കോ ആണ് വിസ അനുവദിക്കുന്നത്. കാലാവധി തീരുമ്പോൾ ഓട്ടോമാറ്റിക് ആയി വിസ പുതുക്കപ്പെടും.
ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫ് അലി, സിനിമാ താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, മമ്ത മോഹൻദാസ്, ടൊവിനോ തോമസ്, സിദ്ദിഖ് തുടങ്ങി നിരവധി മലയാളികൾക്ക് ഇതിനോടകം ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്.