വാക്സിൻ എടുക്കാത്തവർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി യുഎഇ
ദുബായ്: കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കൊവിഡ് വാക്സിൻ സ്വീകരിക്കാത്ത പൗരന്മാരുടെ വിദേശയാത്രയ്ക്ക് വിലക്ക് ഏർപ്പെടുത്തി യു എ ഇ. നിയന്ത്രണം ഇന്നു മുതൽ പ്രാബല്യത്തിൽ വരും. രണ്ടു ഡോസ് വാക്സിനൊപ്പം ബൂസ്റ്റർ ഡോസും സ്വീകരിച്ചാൽ മാത്രമേ യു എ ഇ പൗരന്മാർക്ക് വിദേശയാത്ര സാധ്യമാകൂ. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് വാക്സിൻ സ്വീകരിക്കാൻ കഴിയാത്തവർക്ക് യാത്ര വിലക്കിൽ ഇളവ് നൽകിയിട്ടുണ്ട്.
മെഡിക്കല്‍ കാരണങ്ങളാല്‍ ഒഴിവാക്കിയവര്‍, മാനുഷിക പരിഗണന അര്‍ഹിക്കുന്നവര്‍, ചികിത്സ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവര്‍ എന്നിവര്‍ക്ക് വാക്‌സിന്‍ എടുക്കുന്നതില്‍ ഇളവുണ്ട്. പൗരന്മാർ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന് നാഷണല്‍ ക്രൈസിസ് ആന്‍ഡ് എമര്‍ജന്‍സി മാനേജ്‌മെന്റ് അതോറിറ്റിയും വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയവും അറിയിച്ചു.
യു എ ഇയില്‍ ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം 30,000 കടന്നു. രാജ്യത്ത് കഴിഞ്ഞ ദിവസം 2,759 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഈ സാഹചര്യത്തെ ഫലപ്രദമായി നേരിടുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് പുതിയ നിയന്ത്രണമെന്ന് അധികൃതർ വ്യക്തമാക്കി.