"റോബട് ഡോക്ടർ’ സാങ്കേതിക വിദ്യ എല്ലാ മേഖലകളിലും നടപ്പാക്കാൻ യുഎഇ
ദുബായ്: ഒറ്റനോട്ടത്തിൽ രോഗം കണ്ടെത്തുകയും ചികിത്സിക്കുകയും ചെയ്യുന്ന 'റോബോട്ട് ഡോക്ടർമാർ' ആശുപത്രിയിൽ ചുറ്റിക്കറങ്ങുന്ന കാലം അടുക്കുകയാണ്. പേടിയുളള രോഗിയാണെങ്കിൽ പാടാനും നൃത്തം ചെയ്യാനും ഈ 'ഡോക്ടർ' തയ്യാറാണ്. പല മേഖലകളിലും വൈദഗ്ധ്യം നേടുകയും ശസ്ത്രക്രിയകൾ നടത്തുന്നതിൽ ഇവർ 'നമ്പർ വൺ' ആയതോടെ ആരോഗ്യരംഗത്ത് ലോകത്തിലെ ഏറ്റവും മികച്ച ആശുപത്രികളായി മാറുകയാണ് യുഎഇയിലെ ആശുപത്രികൾ. യുഎഇ എല്ലാ മേഖലകളിലും റോബോട്ടിക് സാങ്കേതികവിദ്യകൾ നടപ്പാക്കുന്നുണ്ട്. നട്ടെല്ലിന്‍റെ സങ്കീർണ്ണമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതാണ് ഏറ്റവും പുതിയ നേട്ടം. നട്ടെല്ലിൽ ഇത്രയും സങ്കീർണ്ണമായ ശസ്ത്രക്രിയ വിജയകരമായി നടത്തുന്ന ആദ്യ രാജ്യമാണ് യുഎഇ. സ്വദേശിയായ ഡോ. അബ്ദുൽ സലാം അൽ ബലൂഷിയാണ് അബുദാബിയിൽ ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയത്. ന്യൂറോ സർജറിയിൽ റോബോട്ടിക് സാങ്കേതികവിദ്യ വളരെ ഫലപ്രദമാണെന്നും രാജ്യത്തെ സർജൻമാർക്ക് വിദഗ്ധ പരിശീലനം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. റോബോട്ടിക് സാങ്കേതികവിദ്യ ഉപയോഗിച്ച് സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ 22കാരന്‍റെ വൃക്ക തകരാർ പരിഹരിച്ചതിന് മെയ് മാസത്തിൽ യുഎഇ അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു.