സാമ്പത്തിക ഭദ്രതയില്ലാത്ത സ്വകാര്യ ജീവനക്കാർക്ക് ഇൻഷുറൻസ് നിർബന്ധമാക്കാൻ യുഎഇ
അബുദാബി: സാമ്പത്തിക ഭദ്രതയില്ലാത്ത സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് യുഎഇ ഇൻഷുറൻസ് നിർബന്ധമാക്കുന്നു. ജീവനക്കാരുടെ എണ്ണവും കമ്പനിയുടെ നിലനിൽപ്പും അടിസ്ഥാനമാക്കി തീരുമാനമെടുക്കും. പുതിയ വിസ എടുക്കുമ്പോഴും നിലവിലുള്ളവ പുതുക്കുമ്പോഴും ഇൻഷുറൻസ് നിർബന്ധമാക്കും. ഇതിന് മുന്നോടിയായി മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പരിശോധന നടത്തി സ്ഥാപനങ്ങളുടെ പ്രവർത്തനം വിലയിരുത്തും. ഒരു തൊഴിലാളിക്ക് പരമാവധി ഇൻഷുറൻസ് പരിധി 20,000 ദിർഹമാണ്. കമ്പനി പാപ്പരാവുകയോ പ്രവർത്തനം അവസാനിപ്പിക്കുകയോ ചെയ്താൽ, തൊഴിലാളികളുടെ ശമ്പള കുടിശ്ശികയും അവസാന സേവന ആനുകൂല്യങ്ങളും ഇൻഷുറൻസ് തുകയിൽ നിന്ന് നൽകും. തൊഴിലാളിയുടെ ചികിത്സാ ചെലവ്, മടക്ക വിമാന ടിക്കറ്റ്, മരണം സംഭവിച്ചാൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് എന്നിവയും ഇൻഷുറൻസ് തുകയിൽ നിന്ന് ഈടാക്കും.