സ്വദേശിവൽക്കരണം; സ്വകാര്യ മേഖലയ്ക്ക് ആനുകൂല്യങ്ങളുമായി യുഎഇ
ദുബായ്: സ്വദേശിവൽക്കരണത്തെ പ്രോത്സാഹിപ്പിക്കുന്ന സ്വകാര്യ കമ്പനികൾക്ക് സർക്കാർ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. പ്രതിവർഷം 6 ശതമാനത്തിൽ കൂടുതൽ സ്വദേശിവൽക്കരണമുള്ള കമ്പനികളെ മികച്ച സ്ഥാപനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തും. സ്വദേശിവൽക്കരണത്തിന്‍റെ ഭാഗമായി 50 ൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങളിലാണ് ജീവനക്കാരെ നിയമിക്കേണ്ടത്. സ്വദേശികളെ പ്രതിവർഷം 2 ശതമാനം എന്ന നിരക്കിൽ നിയമിക്കണമെന്നാണ് സ്വദേശിവൽക്കരണ മന്ത്രാലയത്തിന്‍റെ ചട്ടം. 50 ൽ കൂടുതൽ ജീവനക്കാരുണ്ടായിട്ടും ഒരു സ്വദേശിയെ പോലും നിയമിക്കാതിരുന്നാൽ പ്രതിവർഷം 72,000 ദിർഹമാണ് (15 ലക്ഷം രൂപ) പിഴ. 50 വിദഗ്ധ തൊഴിലാളികളുള്ള സ്ഥാപനങ്ങളിൽ ഒരു സ്വദേശി നിർബന്ധമാണ്. 51-100 തൊഴിലാളികളുള്ള സ്ഥാപനത്തിൽ 2 സ്വദേശികളെ നിയമിക്കണം. 101-150 ജീവനക്കാരുണ്ടെങ്കിൽ 3 സ്വദേശികളെ നിയമിക്കണം. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങളെ മന്ത്രാലയത്തിലെ മൂന്നാം വിഭാഗത്തിലേക്ക് തരംതാഴ്ത്തും. ആറ് ശതമാനം സ്വദേശിവൽക്കരണമുള്ള കമ്പനികളെ മന്ത്രാലയത്തിന്‍റെ ആദ്യ പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അസിസ്റ്റന്‍റ് അണ്ടർസെക്രട്ടറി ഫരീദ അൽ അലി പറഞ്ഞു. നാഫിസ് വഴി സ്വകാര്യമേഖലയിലേക്കുള്ള സ്വദേശിവൽക്കരണം പൂർത്തിയാക്കും.