യുഎപിഎ തടവുകാരൻ ഇബ്രഹാമിന് ചികിത്സ ഉറപ്പാക്കണം: പ്രസ്താവനയിൽ ഒപ്പുവെച്ച് സാമൂഹിക, സംസ്‌ക്കാരിക, രാഷ്ട്രീയ പ്രവർത്തകർ
മാവോവാദി ബന്ധമാരോപിച്ച് 2015ല്‍ തിക്കോടിയില്‍ നിന്ന് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തി ആറു വർഷത്തിലധികമായി വിചാരണത്തടവുകാരനായി കഴിയുന്ന ഇബ്രാഹിമിന്റെ ആരോഗ്യനില അത്യന്തം ഉത്ക്കണ്ഠയുളവാക്കുന്നതാണെന്നും അദ്ദേഹത്തിന് ചികിത്സ ഉറപ്പാക്കണമെന്നും വിവിധ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ പ്രവർത്തകർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കടുത്ത പ്രമേഹരോഗിയായ അറുപത് കഴിഞ്ഞ ഇബ്രഹാമിനെ നെഞ്ചുവേദനയെ തുടർന്ന് കഴിഞ്ഞ ശനിയാഴ്ച തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യ പരിപാലത്തിന് പ്രത്യേക കരുതൽ വേണമെന്നായിരുന്നു ഇബ്രാഹിമിനെ ചികിത്സിച്ച ഡോക്ടർമാരുടെ അഭിപ്രായം. രണ്ടു തവണ ഹൃദയാഘാതമുണ്ടായ വ്യക്തിയെന്ന നിലയിൽ ഇപ്പോഴത്തെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തികച്ചും ആശങ്കാജനകമാണ്. രക്തത്തിലെ പഞ്ചസാരയുടെ നില ഉയർന്ന് ഏതാണ്ട് മാറ്റമില്ലാതെ തുടരുന്നതും, അടിക്കടിയുള്ള നെഞ്ചുവേദനയും രക്തധമനികളിൽ വീണ്ടും ബ്ലോക്കുണ്ടാവുന്നതിനുള്ള സാധ്യതകളുടെ ശക്തമായ ലക്ഷണങ്ങളായി ചില സ്വകാര്യ ഡോക്ടർമാരും അഭിപ്രായപ്പെട്ടിരുന്നു. ബ്ലോക്കിന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്നതിനുള്ള മാർഗ്ഗമായ ആൻജിയോഗ്രാം ചെയ്യാതെ ബുധനാഴ്ചയോടെ അദ്ദേഹത്തെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് വീണ്ടും വിയ്യൂർ സെൻട്രൽ ജയിലിലേക്കു മാറ്റിയിരിക്കുകയാണ്. ആരോഗ്യസ്ഥിതി ഇത്രയും വഷളായിട്ടും പരോൾ പോലും അദ്ദേഹത്തിന് ഇതുവരെ അനുവദിച്ചിട്ടില്ല. ഇബ്രാഹിമിന് മതിയായ വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിന് വേണ്ട നടപടികൾ സർക്കാർ അടിയന്തിരമായി കൈക്കൊള്ളണമെന്നും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് പരോൾ അനുവദിക്കണമെന്നും സാംസ്‌കാരിക പ്രവർത്തകർ അഭ്യർത്ഥിച്ചു. റിട്ട ജസ്റ്റിസ് ഷംസുദ്ധീൻ, ബിആർപി ഭാസ്‌ക്കർ, സച്ചിദാനന്ദൻ, കെജി ശങ്കരപ്പിള്ള, എംഎൻ രാവുണ്ണി, ഹർ ഗോപാൽ, എൻ വേണുഗോപാൽ, കെകെ രമ, ജെ ദേവിക, മീനാകന്തസ്വാമി, ഗോമതി, ടിടി ശ്രീകുമാർ, ബി രാജീവൻ, റാം മോഹൻ, സണ്ണി കപിക്കാട്, ഹമീദ് വാണിയമ്പലം, അഡ്വ പി ചന്ദ്രശേഖരൻ, എൻപി ചെക്കുട്ടി, കെപി സേതുനാഥ്, റഹിയാനത്ത്, നജ്ദാ റൈഹാൻ, അഡ്വ തമന്ന സുൽത്താന എന്നിവരാണ് പ്രസ്താവനയിൽ ഒപ്പുവെച്ചത്.