ഉദയനിധി സ്റ്റാലിന്‍ തമിഴ്നാട് മന്ത്രിസഭയിൽ; മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍റെ മകൻ ഉദയനിധി സ്റ്റാലിൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ രാജ്ഭവന്‍ ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങിൽ ഗവർണർ ആർ എൻ രവി സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ , കനിമൊഴി എം പി തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഡി.എം.കെയുടെ യുവജനവിഭാഗത്തിന്‍റെ സെക്രട്ടറിയാണ് ഉദയനിധി സ്റ്റാലിൻ. 45 കാരനായ താരം സിനിമാ നിർമ്മാതാവും നടനുമാണ്. ഉദയനിധി സ്റ്റാലിൻ ഡിഎംകെ മന്ത്രിസഭയിൽ ഇടം നേടിയതോടെ തമിഴ്നാട്ടിൽ അപ്രഖ്യാപിത ഉപമുഖ്യമന്ത്രിയുടെ ഉദയം കൂടിയാണ് പ്രതീക്ഷിക്കുന്നത്. തെന്നിന്ത്യൻ സിനിമയിലെ പ്രധാന ശക്തിയായ റെഡ് ജയന്‍റ് മൂവീസിന്‍റെ തലവനായ ഉദയനിധി സിനിമയുടെ തിരക്കുകൾ കാരണമാണ് മന്ത്രിസ്ഥാനം ഏറ്റെടുക്കാൻ വൈകിയത്. ഉദയനിധിയെ ഡി.എം.കെയുടെ പുതുമുഖമായി ഉയർത്തിക്കാട്ടുകയാണ് ലക്ഷ്യം. ഉദയനിധിയുടെ ആദ്യ പൊതുപരിപാടിക്ക് നാളെ ചെന്നൈ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉദ്ഘാടനത്തോടെ തുടക്കമാകും.