4 വർഷ ബിരുദം നടപ്പാക്കുന്നതുവരെ 3 വർഷ യു.ജി കോഴ്‌സുകൾ തുടരും: യുജിസി
ന്യൂഡൽഹി: 4 വർഷ ബിരുദ കോഴ്സുകൾ പൂർണമായും നടപ്പാക്കുന്നത് വരെ നിലവിലുള്ള മൂന്ന് വർഷത്തെ കോഴ്സുകൾ നിർത്തലാക്കില്ലെന്ന് യുജിസി അറിയിച്ചു. 4 വർഷത്തെ കോഴ്സുകളുടെ നടത്തിപ്പ് സംബന്ധിച്ച് അന്തിമ തീരുമാനം സർവകലാശാലകളാണ് കൈക്കൊള്ളുക. മൂന്നും നാലും വർഷ ബിരുദ കോഴ്സുകൾക്കുള്ള പുതിയ ക്രെഡിറ്റും പാഠ്യപദ്ധതി ചട്ടക്കൂടും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 4 വർഷത്തെ ബിരുദ കോഴ്സ് പൂർത്തിയാക്കാനുള്ള അന്തിമകാലാവധി ഏഴ് വർഷമാണെന്ന് യുജിസി അറിയിച്ചു. ആദ്യ വർഷം പൂർത്തിയാക്കുന്നവർക്ക് യു.ജി. സർട്ടിഫിക്കറ്റ്, രണ്ടാംവർഷം ഡിപ്ലോമ, മൂന്നാംവർഷം ബിരുദം, നാലാംവർഷം ഓണേഴ്‌സ് ബിരുദം എന്നിവ ഉൾപ്പെടുന്നതാണ് കോഴ്സ് ഘടന.