ഇന്ത്യയിലെ സ്വത്ത് തട്ടിയെടുക്കപ്പെട്ടു; പരാതിയുമായി യുകെ ആഭ്യന്തര സെക്രട്ടറിയുടെ പിതാവ്
പനജി: ഗോവയിലെ തന്‍റെ കുടുംബ സ്വത്ത് അജ്ഞാതൻ തട്ടിയെടുത്തതായി യുകെ ആഭ്യന്തര സെക്രട്ടറിയുടെ പിതാവിന്റെ പരാതി. സംഭവത്തിൽ ഗോവ പോലീസിന്‍റെ പ്രത്യേക സംഘം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യു.കെ ആഭ്യന്തര സെക്രട്ടറിയും ഇന്ത്യൻ വംശജയുമായ സുവെല്ല ബ്രേവർമാന്‍റെ പിതാവ് ക്രിസ്റ്റി ഫെർണാണ്ടസാണ് പരാതി നൽകിയത്. യുകെയിലെ ലിസ് ട്രസിന്‍റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിൽ ആഭ്യന്തര സെക്രട്ടറിയാണ് സുവെല്ല ബ്രേവർമാൻ. അസഗോവയിലെ 13,900 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള രണ്ട് കുടുംബ സ്വത്തുക്കൾ തട്ടിയെടുത്തതായി ക്രിസ്റ്റി ഫെർണാണ്ടസ് പറഞ്ഞു. പവർ ഓഫ് അറ്റോർണിയുടെ പേരിൽ അജ്ഞാതനായ ഒരാളാണ് ഇവ മോഷ്ടിച്ചതെന്നും സ്വത്ത് തന്‍റെയും മറ്റ് കുടുംബാംഗങ്ങളുടെയും പേരിലാണെന്നും ഫെർണാണ്ടസ് പരാതിയിൽ പറയുന്നു. ജൂലായ് 27ന് മുമ്പാണ് തട്ടിയെടുക്കൽ നടന്നത്. ഓഗസ്റ്റിലാണ് ഫെർണാണ്ടസ് ഇക്കാര്യം അറിയുന്നത്.