ഒമിക്രോണിനെതിരെ ബൂസ്റ്റർ ഡോസ് ഫലപ്രദമെന്ന് യുകെ പഠനം
കൊവിഡിൻ്റെ പുതിയ വകഭേദമായ ഒമിക്രോണിനെതിരെ അധിക ഡോസ് വാക്സിൻ ഫലപ്രദമെന്ന് യുകെ യിൽ നടന്ന ഒരു പഠനത്തിൽ കണ്ടെത്തി. ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന രോഗബാധിതരിൽ മൂന്നാം ഡോസ് വാക്സിൻ 70 മുതൽ 75 ശതമാനം വരെ ഫലപ്രദമെന്നാണ് കണ്ടെത്തൽ. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (യുകെഎച്ച്എസ്എ) അറിയിച്ചതാണ് ഇക്കാര്യം.
കോവിഷീൽഡ് എന്ന പേരിൽ ഇന്ത്യയിൽ നൽകുന്ന ഓക്സ്ഫഡ്-ആസ്ട്രസെനക വാക്സിൻ്റെയും, ഫൈസർ-ബയോൺടെക് വാക്സിൻ്റെയും രണ്ട് ഡോസ് പുതിയ വകഭേദത്തിനെതിരെ വളരെ താഴ്ന്ന നിലയിലുള്ള സുരക്ഷ മാത്രമാണ് നൽകുന്നതെന്നാണ് കണ്ടെത്തിയത്. എന്നാൽ മൂന്നാം ഡോസ് ഒമിക്രോണിനെതിരെ ഫലപ്രദമായി പ്രവർത്തിക്കുന്നതായും മെച്ചപ്പെട്ട പ്രതിരോധശേഷി നൽകുന്നതായും തെളിഞ്ഞു. 581 ഒമിക്രോൺ ബാധിതരിലാണ് പഠനം നടത്തിയത്.