സൈനിക താവളം ആക്രമിച്ച് ഉക്രൈൻ; മിസൈൽ കൊണ്ട് മറുപടി പറഞ്ഞ് റഷ്യ

കീവ്: റഷ്യൻ അധീനതയിലുള്ള പ്രദേശത്തെ റഷ്യൻ സൈനിക താവളത്തിന് നേരെ ഉക്രൈൻ്റെ ഡ്രോൺ ആക്രമണം. പിന്നാലെ വൻ മിസൈൽ ആക്രമണത്തിലൂടെ റഷ്യ തിരിച്ചടിച്ചു. നിരവധി ഉക്രൈൻ പൗരന്മാർ ഇതിൽ കൊല്ലപ്പെട്ടു. റഷ്യയ്ക്ക് നേരെയുള്ള ആക്രമണം അപ്രതീക്ഷിതമായിരുന്നെന്നും ആണവായുധങ്ങൾ ഉൾപ്പെടെയുള്ള ബോംബറുകൾ സൂക്ഷിച്ചിരിക്കുന്ന താവളം ലക്ഷ്യമിട്ടുള്ള ആക്രമണം ഒമ്പത് മാസം നീണ്ട യുദ്ധത്തെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുമെന്നും റിപ്പോർട്ടുകൾ പറയുന്നു. അതേസമയം തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളെ സംരക്ഷിക്കാൻ എല്ലാ മാർഗങ്ങളും ഉപയോഗിക്കുമെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ ഭീഷണി മുഴക്കി. ഇതിൽ ആണവായുധ ഭീഷണിയും ഉൾപ്പെടുന്നു. ശൈത്യകാലം ആരംഭിക്കുന്നതിന് മുന്നോടിയായി ഉക്രൈനിന് മേൽ കനത്ത പ്രഹരമേൽപ്പിക്കാനുള്ള റഷ്യയുടെ തീരുമാനമാണ് മിസൈൽ മാരിക്ക് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ 70 മിസൈലുകളിൽ 60 എണ്ണവും തകർത്തതായി ഉക്രൈൻ വ്യോമസേന അറിയിച്ചു. തൊട്ടുപിന്നാലെ വൈദ്യുതി വിതരണവും പുനഃസ്ഥാപിച്ചു. തകർത്ത ഓരോ മിസൈലും ഭീകരവാദത്തെ തകർക്കാൻ കഴിയുമെന്നതിന്റെ പ്രതികരണമാണെന്ന് ഉക്രൈൻ പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്കി പറഞ്ഞു.

Related Posts