3500 റഷ്യൻ സൈനികരെ കൊലപ്പെടുത്തിയതായി ഉക്രയ്ൻ; നിഷേധിച്ച് റഷ്യ
ആക്രമണം ആരംഭിച്ചതിന് ശേഷം 3,500 റഷ്യൻ സൈനികരെ കൊലപ്പെടുത്തിയതായി ഉക്രയ്ൻ അവകാശപ്പെട്ടു. 200-ലധികം സൈനികർ യുദ്ധത്തടവുകാരായി പിടിക്കപ്പെട്ടു. എന്നാൽ കീവിൻ്റെ അവകാശവാദങ്ങൾ ക്രെംലിൻ നിഷേധിച്ചു.
യുദ്ധത്തിനിടയിലെ ഒരു സുപ്രധാന വഴിത്തിരിവിൽ, ബെലാറസ് അതിർത്തിയിൽ ഇരുരാജ്യങ്ങൾക്കും ഇടയിൽ ചർച്ചകൾ നടക്കുന്നതിനിടയിലാണ് ഉക്രേനിയൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്‌കി ഇക്കാര്യം അവകാശപ്പെട്ടത്. 14 കുട്ടികളടക്കം 352 ഉക്രയ്ൻ സിവിലിയന്മാർ മരിച്ചതായി പ്രസിഡണ്ട് പറഞ്ഞു. 116 കുട്ടികൾ ഉൾപ്പെടെ 1,684 പേർക്ക് പരിക്കേറ്റു.
രാജ്യത്തെ ആണവായുധങ്ങൾ അതീവ ജാഗ്രതയിൽ നിർത്താൻ റഷ്യൻ പ്രതിരോധ മന്ത്രിയോടും സായുധ സേനാ കമാണ്ടറോടും പുതിൻ ഉത്തരവിട്ടിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ ആയുധങ്ങൾ നൽകിയും സാമ്പത്തിക സഹായം നൽകിയും ശക്തമായ ചെറുത്തു നിൽപ്പിന് ഉക്രയ്ന് പിന്തുണ വർധിപ്പിച്ച സാഹചര്യത്തിലാണ് ആണവായുധങ്ങൾ മുൻനിർത്തിയുള്ള പുതിൻ്റെ പുതിയ ഭീഷണി വന്നിരിക്കുന്നത്.