കീവിൽനിന്ന് രക്ഷപ്പെടുത്താമെന്ന അമേരിക്കൻ വാഗ്ദാനം നിരസിച്ച് ഉക്രയ്ൻ പ്രസിഡണ്ട് സെലൻസ്‌കി
റഷ്യൻ സേന വളഞ്ഞ തലസ്ഥാന നഗരമായ കീവിൽ നിന്ന് രക്ഷപ്പെടുത്താം എന്ന അമേരിക്കൻ വാഗ്ദാനം നിരസിച്ച് ഉക്രയ്ൻ പ്രസിഡണ്ട് വ്ലാദിമിർ സെലൻസ്‌കി. റഷ്യൻ ആക്രമണത്തെ അപലപിക്കുന്ന യു എൻ സുരക്ഷാ കൗൺസിലിൻ്റെ പ്രമേയത്തിന് അഭൂതപൂർവമായ പിന്തുണ ലഭിച്ചെന്ന് സെലൻസ്കി പറഞ്ഞു.
"കീവിനെതിരെ റഷ്യ ആക്രമണം തുടരുമ്പോൾ, ആക്രമണത്തിന് എതിരെയുള്ള സുരക്ഷാ കൗൺസിലിൻ്റെ പ്രമേയത്തിന് അഭൂതപൂർവമായ പിന്തുണയാണ് ലഭിച്ചത്. ഇത് തെളിയിക്കുന്നത് ലോകം ഉക്രയ്ന് ഒപ്പമാണെന്നാണ്. സത്യം നമ്മോടൊപ്പമാണ്, വിജയം നമ്മുടേതായിരിക്കും," അദ്ദേഹം ട്വീറ്റ് ചെയ്തു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്, യു എസ് പ്രസിഡന്റ് ജോ ബൈഡൻ തുടങ്ങി നിരവധി നേതാക്കളുമായി ഫോണിൽ സംസാരിച്ചെന്ന് സെലൻസ്‌കി പറഞ്ഞു. എല്ലാവരും ഉക്രയ്‌നുള്ള പിന്തുണ ആവർത്തിച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.