ശത്രുക്കളുടെ ലക്ഷ്യം താനും തൻ്റെ കുടുംബവും; തലസ്ഥാനമായ കീവിൽ തന്നെ തുടരുമെന്ന് വ്ലാദിമിർ സെലൻസ്കി

തലസ്ഥാനമായ കീവിൽ തുടരുമെന്ന് ഉക്രേനിയൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കി. ശത്രുക്കളുടെ ഒന്നാം നമ്പർ ലക്ഷ്യം താനാണ്. തന്റെ കുടുംബമാണ് രണ്ടാമത്തെ ലക്ഷ്യം. രാഷ്ട്രത്തലവനെ നശിപ്പിച്ച് ഉക്രയ്നെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാനാണ് അവരുടെ ശ്രമം. താൻ തലസ്ഥാനത്ത് തന്നെ തുടരും. തന്റെ കുടുംബവും ഇവിടെത്തന്നെയുണ്ട്. അൽപ്പസമയം മുമ്പ് പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.

അതിനിടെ, രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ പ്രതിസന്ധികളിൽ ഒന്നായ ഉക്രയ്ൻ യുദ്ധത്തിൽ ആദ്യ ദിനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 137 ആയി. തലസ്ഥാന നഗരമായ കീവിൽ ഉൾപ്പെടെ കനത്ത സൈനിക ആക്രമണം നടക്കുകയാണ്.

''റഷ്യ തിന്മയുടെ പാതയിൽ നീങ്ങുകയാണ്. എന്നാൽ ഉക്രയ്ൻ സ്വയം പ്രതിരോധിക്കുകയാണ്. സ്വാതന്ത്ര്യം കൈവിടില്ല," ഏറ്റവും പുതിയ ട്വീറ്റിൽ സെലൻസ്കി പറഞ്ഞു. 10 സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെ 137 പേർ കൊല്ലപ്പെട്ടതായും 316 പേർക്ക് പരിക്കേറ്റതായും വീഡിയോ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.

Related Posts