ഉക്രയ്ൻ യുദ്ധത്തിൽ 6.5 മില്യൺ അഭയാർഥികളെന്ന് ഐക്യരാഷ്ട്രസഭ
ഉക്രയ്ൻ യുദ്ധം 6.5 മില്യൺ അഭയാർഥികളെ സൃഷ്ടിച്ചതായി ഐക്യരാഷ്ട്രസഭ അഭിപ്രായപ്പെട്ടു. നാല് ഘട്ടങ്ങളിലായി നടന്ന ചർച്ചകൾ ഫലം കാണാത്ത സാഹചര്യത്തിൽ യുദ്ധം 24-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ആയിരക്കണക്കിന് ജനങ്ങൾ തമ്പടിച്ച മരിയുപോളിലെ ചരിത്രപ്രസിദ്ധമായ ഒരു തിയേറ്റർ കോംപ്ലക്സിൽ റഷ്യ നടത്തിയ ബോംബാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു.
അർത്ഥപൂർണമായ ചർച്ചകൾ അടിയന്തരമായി നടക്കേണ്ട സമയമായെന്ന് ഉക്രയ്ൻ പ്രസിഡണ്ട് വ്ലാദിമിർ സെലൻസ്കി ഇന്ന് രാവിലെ നൽകിയ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. അതിനിടെ ഉക്രയ്ൻ യുദ്ധ കുറ്റകൃത്യങ്ങൾ നടത്തുന്നതായി റഷ്യ ആരോപിച്ചു. അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ റഷ്യയ്ക്കെതിരെ നടത്തുന്ന പ്രചാരണങ്ങൾക്കുള്ള തിരിച്ചടിയായാണ് ക്രെംലിൻ്റെ ആരോപണത്തെ ലോകം കാണുന്നത്.
മോസ്കോയിൽ നടന്ന വലിയൊരു റാലിയെ പുതിൻ അഭിസംബോധന ചെയ്തതായി വാർത്താ ഏജൻസി എ എഫ് പി റിപ്പോർട്ട് ചെയ്തു. മുമ്പെങ്ങുമില്ലാത്ത ഐക്യമാണ് റഷ്യൻ ജനത പ്രകടിപ്പിക്കുന്നതെന്ന് പ്രസിഡണ്ട് അഭിപ്രായപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു.